Connect with us

Malappuram

പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനാഘോഷം

Published

|

Last Updated

വണ്ടൂര്‍: നബിദിനാഘോഷത്തോടനുബന്ധിച്ച് മഹല്ല് കമ്മിറ്റികളും മദ്‌റസകളും സംഘടിപ്പിച്ച ചടങ്ങുകളില്‍ വിശ്വാസികളുടെ വന്‍ സാന്നിധ്യം. പുലര്‍ച്ചെ പ്രഭാത നമസ്‌കാരത്തിന് മുമ്പുതന്നെ പള്ളികള്‍ പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ സജീവമായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ക്കുള്ള പ്രഭാത ഭക്ഷണ വിതരണവും നടന്നു.
സൂര്യനുദിച്ച ശേഷം നടന്ന നബിദിന ഘോഷയാത്രകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ക്ക് ജാതിമത ഭേദമന്യേ ജനങ്ങള്‍ സ്വീകരണം നല്‍കി. ദഫ് സംഘങ്ങളുടെ ചുവടുകളും ഘോഷയാത്രകള്‍ക്ക് കൊഴുപ്പേകി. ചാത്തങ്ങോട്ടുപുറം മുണ്ടയില്‍ ഇഹ്‌യാഉസുന്ന സുന്നി മദ്രസയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഘോഷയാത്രയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. മുഹമ്മദ് സഖാഫി ചെറുവണ്ണൂര്‍, അബ്ദുനാസര്‍ സഖാഫി വെട്ടിക്കാട്ടിരി, കുഞ്ഞാലന്‍ ഹാജി, എം മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുതീരി റായത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന നബിദിനാഘോഷ പരിപാടികള്‍ക്ക് ഹനീഫ അഹ്‌സനി, അമീന്‍ അശ്‌റഫി, ഉമര്‍ നാലകത്ത്, വി പി സുലൈമാന്‍, വിപി കുഞ്ഞിമൊയ്തീന്‍ നേതൃത്വം നല്‍കി.
മഞ്ചേരി: പാവണ്ണ ആലിയത്തു സുന്നിയ മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. അബ്ദുര്‍റഹിമാന്‍ മുണ്ടോടന്‍ പതാക ഉയര്‍ത്തി. ജഅ്ഫര്‍ സഖാഫി നേതൃത്വം നല്‍കി. ഘോഷ യാത്ര, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. അന്നദാനത്തിന് നാസറുദ്ദീന്‍ കുരിക്കള്‍ നേതൃത്വം നല്‍കി. നബിദിനത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ദിക്‌റ് വാര്‍ഷിക സമ്മേളനം അബൂബക്കര്‍ സഖാഫി മാതക്കോട് ഉദ്ഘാടനം ചെയ്യും. വഹാബ് മാസ്റ്റര്‍, അബൂബക്കര്‍ ഹാജി നേതൃത്വം നല്‍കും.
വേങ്ങര: ഇരിങ്ങല്ലൂര്‍ പാലാണി സിറാജുല്‍ ഹുദാ മദ്രസ നബിദിനാഘോഷം എ വി സൂപ്പിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ബീരാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. മൗലിദ് പാരായണത്തിന് അബ്ദുസമദ് അഹ്‌സനി നേതൃത്വം നല്‍കി.
വളാഞ്ചേരി: കൊളമംഗലം എം ഇ ടി സ്‌കൂളിന്റെയും സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം നാളെ നടക്കും. കൊളമംഗലം നധാസ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 ന് പി ടി എ പ്രസിഡന്റ് കുഞ്ഞായിന്‍ ഹാജി പതാക ഉയര്‍ത്തും. വളാഞ്ചേരി സി ഐ. കെ ജി ഷുരേഷ് ഉല്‍ഘാടനം ചെയ്യും. പി എസ് കെ ദാരിമി എടയൂര്‍ അധ്യക്ഷത വഹിക്കും. വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി അബ്ദുല്‍ ഗഫൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ എം ഗഫൂര്‍, ഡി ഇ ഒ ജൂനിയര്‍ സൂപ്രണ്ട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. വൈകുന്നേരം നാല് മണിക്ക് കൊളമംഗലത്ത് നിന്ന് ആരംഭിക്കുന്ന മീലാദ് റാലി വളാഞ്ചേരിയില്‍ സമാപിക്കും. ആറ് മണിക്ക് വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന മീലാദ് സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ ടി ജലീല്‍ എം എല്‍ എ, എന്‍ അലി അബ്ദുള്ള, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, സി ഹംസ സംസാരിക്കും. ദുആ സമ്മേളനത്തിന് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.
കൊളത്തൂര്‍: വെങ്ങാട് ടൗണ്‍ മള്ഹറുന്നൂര്‍ സുന്നി മദ്‌റസയും ജുമുഅ മസ്ജിദ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നബിദിനാഘോഷം വിപുലമായ പരിപാടികളോടെ സമാപിച്ചു. മൗലിദ് പാരായണം, നബിദിന റാലി, വിദ്യാര്‍ഥികളുടെ വിവിധയിനം കലാപരിപാടികള്‍ എന്നിവ നടന്നു. പി വി സൈതലവി സഖാഫി ഉദ്ഘാടനം ചെയ്തു. അലവി സഖാഫി കൊളത്തൂര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി.
പരപ്പനങ്ങാടി: പഞ്ചായത്ത് എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച നബിദിന ബഹുജന സ്‌നേഹ സന്ദേശ റാലി ശ്രദ്ധേയമായി. ആവിയില്‍ ബീച്ചില്‍ നിന്നും ആലുങ്ങല്‍ ബീച്ചില്‍ നിന്നും ആലുങ്ങല്‍ ഖാസി പി അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ ഭക്തി നിര്‍ഭയമായ പ്രാര്‍ഥനയോടെ ആരംഭിച്ച റാലി-ദിക്‌റ്, സ്വലാത്ത്, തസ്ബീഹുകള്‍ ഉരുവിട്ടും, മൗലിദ് പാരായണം നടത്തിയുമാണ് നീങ്ങിയത്. ഇരു റാലികളും ചാപ്പപ്പടി ബീച്ചില്‍ വെച്ച് സംഗമിച്ച് ഒന്നായാണ് പരപ്പനങ്ങാടി ടൗണിനെ ലക്ഷ്യമായി നീങ്ങിയത്. ദഫ്, അറബന സംഘങ്ങള്‍ റാലിക്ക് കൊഴുപ്പേകി.
ഒട്ടുമ്മല്‍ ബീച്ച്, അഞ്ചപ്പുര, കടലുണ്ടി റോഡ്, റെയില്‍വെ സ്റ്റേഷന്‍ ചുറ്റി റാലി പയനിങ്ങല്‍ ജംഗ്ഷനില്‍ സമാപിച്ചു. റാലിക്ക് സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, മുജീബ് റഹ്മാന്‍ മിസ്ബാഹി, ഖാലിദ് സഖാഫി, എസ് എം കെ തങ്ങള്‍, അഷ്‌റഫ് സഖാഫി, പി ജംഷീര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ശരീഫ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.
പരപ്പനങ്ങാടി: അഞ്ചപ്പുര ജമുഅ മസ്ജിദില്‍ നടന്ന മൗലിദ് പാരായണം, പ്രത്യേക പ്രാര്‍ഥന എന്നിവക്ക് കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.

Latest