Connect with us

International

അമേരിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഉ.കൊറിയ

Published

|

Last Updated

പ്യോംഗ്യാംഗ്: സോണി പിക്‌ചേഴ്‌സിനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന്റെ പേരില്‍ അമേരിക്ക അടിച്ചേല്‍പ്പിച്ച പുതിയ ഉപരോധങ്ങള്‍ ശത്രുതാപരവും പ്രകോപനപരവുമാണെന്ന് ഉത്തര കൊറിയ. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയ ആണെന്ന് അമേരിക്കന്‍ ചാര സംഘടനയായ എഫ് ബി ഐ പ്രഖ്യാപിച്ചതോടെ മൂന്ന് ഉത്തരകൊറിയന്‍ സംഘടനകള്‍ക്കെതിരെയും 10 വ്യക്തികള്‍ക്കെതിരെയുമാണ് യു എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. കൊറിയക്കെതിരെ നേരത്തേ അടിച്ചേല്‍പ്പിച്ച ഉപരോധങ്ങള്‍ക്ക് പുറമേയാണിത്. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള ആക്രമണമാണ് ഈ ഉപരോധം. ഒരു അടിസ്ഥാനവുമില്ലാതെ ശത്രുതാപരമായ നടപടികളെടുക്കുകയാണ് അമേരിക്കയെന്നും ഉത്തര കൊറിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സോണിക്കെതിരായ ആക്രമണത്തെ വാഴ്ത്തിയ ഉത്തര കൊറിയ എന്നാല്‍ തങ്ങള്‍ക്ക് അതില്‍ പങ്കൊന്നുമില്ലെന്ന് വ്യക്തമാക്കി. ഉത്തര കൊറിയന്‍ നേതാവിനെ വധിക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച് ദി ഇന്റര്‍വ്യൂ എന്ന ഹാസ്യ ചിത്രം പുറത്തിറക്കാനിരിക്കുകയായിരുന്നു സോണി.
സിനിമ റിലീസ് ചെയ്യേണ്ടെന്നായിരുന്നു സോണിയുടെ മുന്‍ തീരുമാനം. എന്നാല്‍ ഓണ്‍ലൈനിലും ഏതാനും സിനിമാ ശാലകളിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.