Connect with us

Business

റബ്ബര്‍ വിലയില്‍ നേരിയ ഉണര്‍വ് സ്വര്‍ണ വില താഴ്ന്നു

Published

|

Last Updated

കൊച്ചി: റബ്ബര്‍ വിലയില്‍ നേരിയ ഉണര്‍വ്, കര്‍ഷകര്‍ മെച്ചപ്പെട്ട വിലയ്ക്കായി ചരക്ക് പിടിച്ചു. ആഭ്യന്തര വ്യാപാരികള്‍ കുരുമുളകില്‍ കാണിച്ച താല്‍പര്യം ഉത്പന്ന വില ഉയര്‍ത്തി. പാചക എണ്ണ ഇറക്കുമതി ഡ്യൂട്ടി ഉയര്‍ത്തിയിട്ടും നാളികേരോത്പന്നങ്ങളുടെ വിലകള്‍ ഉയര്‍ന്നില്ല. കേരളത്തിലും സ്വര്‍ണ വില താഴ്ന്നു.
ഉത്സവ ദിനങ്ങള്‍ മുലം മാര്‍ക്കറ്റിലേയ്ക്കുള്ള റബ്ബര്‍ ഷീറ്റ് നീക്കം കുറഞ്ഞ അവസരത്തില്‍ വ്യവസായികള്‍ ചരക്ക് സംഭരിക്കാന്‍ ഉത്സാഹിച്ചത് നിരക്ക് ഉയര്‍ത്തി. ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബര്‍ വില 12,800 രൂപയില്‍ നിന്ന് 12,900 രുപയായി. അഞ്ചാം ഗ്രേഡ് റബ്ബര്‍ 12,300 രൂപയിലും ഒട്ടുപാല്‍ 8200 രൂപയിലും ലാറ്റക്‌സ് 8600 ലുമാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ റബ്ബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ഉയര്‍ന്നു. കൊച്ചിയില്‍ പോയവാരം 500 ടണ്‍ റബ്ബറിന്റെ ഇടപാടുകള്‍ വ്യാപാരം നടന്നു.
കാലാവസ്ഥ വ്യതിയാനങ്ങള്‍ മുലം കുരുമുളക് വിളവെടുപ്പ് രംഗം ഇനിയും സജീവമായില്ല. പുതിയ ചരക്ക് വരവിന് താമസം നേരിട്ടതോടെ വില ഉയര്‍ത്തിയും ചരക്ക് സംഭരിക്കാന്‍ വാങ്ങിക്കലുകാര്‍ രംഗത്ത് ഇറങ്ങി. ഉത്തരേന്ത്യന്‍ ഇടപാടുകാരുടെ പിന്തുണയില്‍ 500 രൂപ ഉയര്‍ന്ന് ഗാര്‍ബിള്‍ഡ് കുരുമുളക് വാരാന്ത്യം 72,000 ലാണ്. രണ്ടാഴ്ചകൊണ്ട് മുളക് വില 2500 രൂപ വര്‍ധിച്ചു. ഉത്പ്പന്നത്തിന്റെ സര്‍വകാല റെക്കോര്‍ഡ് വില 75,000 രൂപയാണ്. വിളവെടുപ്പ് പ്രതീക്ഷയ്ക്ക് ഒത്തു പുരോഗമിച്ചില്ലെങ്കില്‍ വിപണി കരുത്തു നിലനിര്‍ത്താം. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് 8,500 രൂപയില്‍ നിന്ന് 69,000 ലേയ്ക്ക് കയറി.
ചുക്ക് വിപണിയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ഉത്തരേന്ത്യയില്‍ നിന്നുള്ള ആവശ്യം ചുരുങ്ങിയത് മുലം സ്‌റ്റോക്കിസറ്റുകളുടെ പ്രതീക്ഷയ്ക്ക് ഒത്തു നിരക്ക് ഉയര്‍ന്നില്ല. ആറു മാസം മുമ്പ് 36,000 രൂപയില്‍ വിപണനം നടന്ന ചുക്കിന്റെ ഇപ്പോഴത്തെ വില 22,000 രൂപ മാത്രമാണ്. നേരത്തെ വിലക്കയറ്റം കണ്ട് ചരക്ക് വാങ്ങി കൂട്ടിയവര്‍ വിപണിയിലെ തളര്‍ച്ച മുലം സാമ്പത്തിക ഞെരുക്കത്തിലുമായി. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റോക്കിസ്റ്റുകള്‍. വിദേശ പാചകയെണ്ണ ഇറക്കുമതി ഡ്യൂട്ടി ഉയര്‍ത്തിയതിന്റെ നേട്ടം കേരളത്തിലെയും തമിഴ്‌നാട്ടിലെയും നാളികേര കര്‍ഷകര്‍ക്ക് ലഭ്യമായില്ല. പിന്നിട്ടവാരത്തില്‍ വെളിച്ചെണ്ണ വില സ്‌റ്റെഡിയായി നീങ്ങിയത് കണക്കിലെടുത്താല്‍ ഇപ്പോഴത്തെ റേഞ്ചില്‍ നിന്ന് താഴ്ന്ന തലങ്ങളിലേയ്ക്ക് വരും മാസങ്ങളില്‍ പതിക്കാന്‍ ഇടയുണ്ട്. ക്രിസ്മസ് ഡിമാന്‍ഡ് കഴിഞ്ഞതോടെ വിപണി ഏതാണ്ട് നീര്‍ജീവമാസ്ഥയിലാണ്. മാസാരംഭ ഡിമാന്‍ഡ് ഇനിയും പ്രദേശിക വിപണികളില്‍ ചുടുപിടിച്ചിട്ടില്ല. 13,300 രൂപയില്‍ നീങ്ങുകയാണ് എണ്ണ വിപണി. കൊപ്ര 8890 രൂപയിലും തുടരുന്നു. അതേ സമയം വിലക്കയറ്റം പ്രതീക്ഷിച്ച് ഓയില്‍ മില്ലുകാര്‍ സ്‌റ്റോക്ക് റിലീസിംഗില്‍ നിയന്ത്രണം വരുത്തി. കോഴിക്കോട് വെളിച്ചെണ്ണ 14,700 ലും കൊപ്ര 9900 ലുമാണ്.
കേരളത്തില്‍ സ്വര്‍ണ വില താഴ്ന്നു. പവന്റെ വില 20,400 രൂപയില്‍ നിന്ന് 20,080 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 20,160 ലാണ്. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിനു 1189 ഡോളര്‍.

Latest