Connect with us

National

വിമാനം റാഞ്ചുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി – കാബൂള്‍ ഏയര്‍ ഇന്ത്യ വിമാനം തീവ്രവാദികള്‍ റാഞ്ചിയേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തൂടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമുള്‍പ്പെടെയുള്ളവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന പരിശോധനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യോമയാന സുരക്ഷാ വിഭാഗത്തിന് ഇന്റലിജന്‍സ് മേധാവികളാണ് മുന്നറിയിപ്പ് നല്‍കിയത്.
പഴുതടച്ച സുരക്ഷാ പരിശോധനകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. യാത്രക്കാരുടെ ബാഗേജുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. പ്രധാന വിമാനത്താവളങ്ങളുടെ പരിസര പ്രദേശങ്ങളില്‍ കമാന്‍ഡോ വിഭാഗം പരിശോധന നടത്തും. റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഏയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി ശനിയാഴ്ച വൈകുന്നേരം കൊല്‍ക്കത്ത ഓഫീസിലാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ബംഗാളി ഭാഷയിലാണ് അജ്ഞാതന്‍ ഭീഷണിപ്പടുത്തിയതെന്ന് കൊല്‍ക്കത്തയിലെ മുതിര്‍ന്ന പോലീസ് ഉദ്യേഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, ഏത് വിമാനമാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷാ ഉദ്യോഗസഥരും എ എ ഐ (ഏയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ), സി ഐ എസ് എഫ് അധികൃതരും ശനിയാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു. 1999ല്‍ എയര്‍ ഇന്ത്യ വിമാനം തീവ്രവാദികള്‍ റാഞ്ചി കാണ്ഡഹാറിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് സമാനമായ രീതിയില്‍ വിമാനം റാഞ്ചാനാണ് തീവ്രവാദികളുടെ ശ്രമമെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള കേതിബന്ദറില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി ഇന്ത്യന്‍ തീരത്തേക്ക് വന്ന പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തിനു പിന്നാലെയാണ് ഭീഷണി സന്ദേശം.

---- facebook comment plugin here -----

Latest