Connect with us

Kozhikode

നബിദിനാഘോഷം പ്രവാചക സ്‌നേഹത്തിന്റെ ഭാഗം: പേരോട്

Published

|

Last Updated

കുറ്റിയാടി : ലോക മുസ്‌ലിംകള്‍ പ്രവാചകരുടെ ജന്മദിനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു നടത്തുന്ന സല്‍കര്‍മങ്ങള്‍ പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്നും തെറ്റിദ്ധരിച്ചവര്‍ ധാരണ തിരുത്തി സല്‍കര്‍മങ്ങളില്‍ സഹകാരികളാകണമെന്നും പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്‌ബോധിപ്പിച്ചു. കുറ്റിയാടി സിറാജുല്‍ ഹുദായിലെ നബിദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകരുടെ ശരീരം സ്പര്‍ശിച്ചതായി ഉറപ്പുള്ള മണ്ണ് ഏറ്റവും പുണ്യമുള്ള മണ്ണാണ്. മദീനയിലെ ഏത് മണല്‍ത്തരികള്‍ക്കും വിശ്വാസികള്‍ മഹത്വം കല്‍പ്പിക്കുന്നു. പ്രവാചക സ്പര്‍ശനമുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കള്‍ക്കു പോലും മഹത്വം നല്‍കേണ്ടതുണ്ടെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് ഇമാമുകള്‍ വിവരിക്കുന്നുണ്ട്. അനാവശ്യ വിവാദങ്ങളിലും കുപ്രചാരണങ്ങളിലും വഞ്ചിതരാകാതെ സ്‌നേഹവും സൗഹാര്‍ദ്ദവും സഹകരണവും കൈമുതലാക്കി നല്ല കാര്യങ്ങളില്‍ സഹകരിക്കണം. വര്‍ഷങ്ങളോളം നബിദിന പരിപാടികള്‍ അന്യം നിന്ന കുറ്റിയാടിയില്‍ ഇരുപത്തി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നബിദിന പരിപാടികള്‍ പുനസ്ഥാപിച്ചത് സിറാജുല്‍ ഹുദായാണെന്നും എല്ലാവരും സുന്നീ സ്ഥാപനങ്ങളും സംഘടനകളുമായും സഹകരിക്കുന്നതാണ് അനുഭവമെന്നും പേരോട് പറഞ്ഞു.
മുത്വലിബ് സഖാഫി,കുമ്മോളി ഇബ്‌റാഹീം സഖാഫി, റാശിദ് ബുഖാരി,എന്‍.കെ സി അമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബുര്‍ദാ ആസ്വാദവും റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിന്റെ നബി സ്‌നേഹ പ്രഭാഷണവും നടന്നു.
സയ്യിദ് ഹസന്‍ തുവ്വോട്ട് അദ്ധ്യക്ഷത വഹിച്ചു. എ.കെ.കെ. കരീം സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അന്നദാനവും നടക്കും.