Connect with us

Malappuram

പുണ്യ സ്മരണകളുയര്‍ത്തി മലപ്പുറത്ത് നബിദിനറാലി

Published

|

Last Updated

മലപ്പുറം: 1489ാം നബിദിനാഘോഷത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വൈകുന്നേരം മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജന നബിദിനസന്ദേശറാലി പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തി.
പൊതുജനങ്ങളും മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അടക്കം പതിനായിരത്തിലധികംപേര്‍ അണിനിരന്ന റാലിയില്‍ വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളും മുഴങ്ങി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ നിരര്‍ത്ഥകത, ഇസ്‌ലോമോഫോബിയയുടെ പൊള്ളത്തരങ്ങള്‍ തുടങ്ങിയവ തുറന്നു കാട്ടുന്നതും ഭീകരതക്ക് ഇസ്‌ലാമിന്റെ മറപിടിക്കുന്നതിലെ അപകടം ബോധ്യപ്പെടുത്തുന്നതുമായിരുന്നു റാലിയില്‍ മുഴങ്ങിയ സന്ദേശങ്ങള്‍. ആഗോള താപനം മുതല്‍ കുടുംബ പ്രശ്‌നങ്ങള്‍ വരെയുള്ള വ്യത്യസ്ത വിഷയങ്ങളില്‍ പ്രവാചകാധ്യാപനങ്ങളും മുഹമ്മദ് നബിയെ കുറിച്ച് പ്രമുഖ വ്യക്തികളുടെ വിലയിരുത്തലുകളും ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമേന്തി വിദ്യാര്‍ഥികള്‍ റാലിയില്‍ അണി ചേര്‍ന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരായവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തിയാണ് റാലി ആരംഭിച്ചത്. സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ് നേതൃത്വം നല്‍കി. ദഫ്, സകൗട്ട്, ഫഌവര്‍ ഷോ, പ്ലക്കാര്‍ഡ് ഡിസ്‌പ്ലേ, മൗലിദ് പാരായണം, ബുര്‍ദഃ ആലാപനം തുടങ്ങിയ പരിപാടികള്‍ റാലിക്ക് ചാരുത പകര്‍ന്നു.
സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍, സമസ്ത ജില്ലാ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബ്ദുല്‍ വദൂദ് പോള്‍ സതര്‍ലന്റ് (ബ്രിട്ടന്‍), സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി (സുഡാന്‍), അബൂഹനീഫല്‍ ഫൈസി തെന്നല, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സി.കെ.യു മൗലവി മോങ്ങം, അലവി സഖാഫി കൊളത്തൂര്‍, പകര മുഹമ്മദ് അഹ്‌സനി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ബാവഹാജി തലക്കടത്തൂര്‍, അബ്ദുഹാജി വേങ്ങര, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി നേതൃത്വം നല്‍കി.