Connect with us

International

സിറിയന്‍ കപ്പലിന്റെ നിയന്ത്രണം ഇറ്റലി ഏറ്റെടുത്തു

Published

|

Last Updated

റോം: സിറിയയില്‍നിന്നുള്ള 450 കുടിയേറ്റക്കാരുമായി വരവെ ഇറ്റാലിയന്‍ തീരത്ത് ജീവനക്കാര്‍ ഉപേക്ഷിച്ച കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തന സംഘം കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്തേക്ക് എത്തിച്ചതായി ഇറ്റാലിയന്‍ സുരക്ഷാ സേന പറഞ്ഞു.
സിയാറ ലിയോണിന്റെ കൊടിയുമായെത്തിയ ഇസദീന്‍ എന്ന കപ്പല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷോഭിക്കുന്ന കടലില്‍വെച്ച് ഇന്ധനനഷ്ടത്തെത്തുടര്‍ന്ന് തീരത്ത് കുടുങ്ങിയത്. സമാനരീതിയില്‍ ജീവനക്കാര്‍ ഉപേക്ഷിച്ച മറ്റൊരു കപ്പലിലെ 796 യാത്രക്കാരെ ഈ ആഴ്ച ആദ്യം രക്ഷപ്പെടുത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ അതിര്‍ത്തി നിയന്ത്രണ ദൗത്യത്തിന്റെ ഭാഗമായി ഐസ്‌ലാന്റിക് കപ്പലാണ് ഇസദീന്‍ എന്ന കപ്പല്‍ കെട്ടിവലിച്ച് തുറമുഖത്തെത്തിച്ചതെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന ഉദ്യോഗസ്ഥന്‍ ഫിലിപ്പോ മരിനി പറഞ്ഞു. കപ്പലിലെ കുടിയേറ്റക്കാരില്‍ കുട്ടികളും ഗര്‍ഭിണികളുമുള്ളതായും ഇവരില്‍ ഭൂരിഭാഗവും സിറിയയില്‍നിന്നുള്ളവരാണെന്ന് കരുതുന്നതായും മരിനി പറഞ്ഞു. 73 മീറ്റര്‍ നീളമുള്ള ഇസദീന്‍ തുര്‍ക്കിയില്‍ നിന്നാണ് വരുന്നതെന്നാണ് കരുതുന്നതെന്നും നേരത്തെ സൈപ്രസില്‍നിന്നാണ് കപ്പല്‍ പുറപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപ്പലിലുണ്ടായിരുന്ന ഒരു കുടിയേറ്റക്കാരനാണ് മാരിടൈം റേഡിയോ വഴി ജീവനക്കാരില്ലാത്ത കപ്പലില്‍ തങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി ഇറ്റാലിയന്‍ തീരസേനയെ അറിയിച്ചത്. 50 വര്‍ഷം പഴക്കമുള്ള കപ്പല്‍ കാലികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതാണ്.

Latest