Connect with us

Kerala

മാണിക്കെതിരെയും സമരം ഉണ്ടെന്നുറപ്പിച്ച് എല്‍ ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: ഈ മാസം അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും നടക്കുന്ന ധര്‍ണ കെ എം മാണിയുടെ രാജി കൂടി ആവശ്യപ്പെട്ടാണെന്ന് എല്‍ ഡി എഫ് കണ്‍വീനറുടെ വാര്‍ത്താക്കുറിപ്പ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യത്തിലേക്ക് എല്‍ ഡി എഫ് മാറിയെന്നും സി പി ഐക്ക് ഇതില്‍ പ്രതിഷേധമുണ്ടെന്നുമുള്ള വിമര്‍ശത്തിനിടെയാണ് വൈക്കം വിശ്വന്‍ ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും രാജി ആവശ്യപ്പെട്ട് ധര്‍ണ നടത്താനാണ് എല്‍ ഡി എഫ് തീരുമാനിച്ചതെങ്കിലും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ ഊന്നിയാണ് വൈക്കം വിശ്വന്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. സി പി ഐക്കുള്ളില്‍ നിന്ന് ഇക്കാര്യത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
കെ എം മാണി രാജിവെക്കണമെന്നും മുഖ്യമന്ത്രി തത്സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും ജനപ്രതിനിധികളുടെ ധര്‍ണ നടത്തുന്നതെന്ന് വൈക്കംവിശ്വന്‍ പറഞ്ഞു. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ധനകാര്യമന്ത്രി കെ എം മാണി കോഴ വാങ്ങിയ വിവരം പുറത്ത് വന്നിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കെ എം മാണിക്കെതിരെ കേസും ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ എം മാണി മന്ത്രിസ്ഥാനത്തിരിക്കാന്‍ ഒരു കാരണവശാലും യോഗ്യനല്ലെന്ന് വ്യക്തമായിരിക്കുകയാണ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവരം പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് മാണിയെ കാണാന്‍ പോയത് എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ കൈകള്‍ ശുദ്ധമല്ലെന്ന കാര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. എക്‌സൈസ് മന്ത്രി ഉള്‍പ്പെടെ ഈ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതും വ്യക്തമാണ്.
മദ്യനയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കളികളും വന്‍ പണമിടപാടുകളുമാണ് നടന്നിട്ടുള്ളത്.ഈ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം തന്നെ ബാര്‍കോഴ പ്രശ്‌നത്തില്‍ ഉണ്ടാവേണ്ടതുണ്ട്. എല്‍ ഡി എഫ് നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് ഉപരോധസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനും അദ്ദേഹത്തിന്റെ ഓഫീസിനെ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണ്. ഇത് അത്യപൂര്‍വ്വമായ സാഹചര്യമാണ് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഇത്തരമൊരു അവസ്ഥയില്‍ മുഖ്യമന്ത്രി യാതൊരു കാരണവശാലും തത്സ്ഥാനത്ത് തുടരാന്‍ പാടുള്ളതല്ല. മന്ത്രിസഭക്ക് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി തന്നെ അഴിമതി കാര്യത്തില്‍ ഉള്‍പ്പെടെ കോടതിയുടെ പരാമര്‍ശത്തിന് നിരന്തരം വിധേയമാകുകയും ജുഡീഷ്യല്‍ കമ്മീഷന്റെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുകയുമാണ്. സമാനഘട്ടങ്ങളില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച കോണ്‍ഗ്രസുകാരുടെ മാതൃകപോലും പിന്തുടരാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങള്‍ കോഴപ്പണത്തിന്റേയും സ്വജനപക്ഷപാതത്തിന്റേയും വക്താക്കളായി മാറുന്ന നിരവധി സംഭവങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ ഭരണകക്ഷി എം എല്‍ എയാണ് അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ളത്.
ഇതും അസാധാരണമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തില്‍ വളര്‍ന്നുവന്നിട്ടുള്ള ഉന്നതമായ രാഷ്ട്രീയസംസ്‌കാരത്തിന് തന്നെ അപമാനമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരമൊരവസ്ഥയില്‍ കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്‌കാരം സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയും രാജി അനിവാര്യമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.