Connect with us

Kerala

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലൈംഗിക രോഗം വര്‍ധിക്കുന്നു

Published

|

Last Updated

തിരുവന്തപുരം: സംസ്ഥാനത്തിന് ആശങ്ക ഉയര്‍ത്തി അന്യ സംസ്ഥാന തൊഴിലാളികളില്‍ ലൈംഗിക രോഗങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാന എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പുതിയ കണക്കുകള്‍ പ്രകാരമാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലൈംഗിക രോഗങ്ങളുടെ വര്‍ധനവ് വ്യക്തമാകുന്നത്.
സംസ്ഥാനത്ത് ആകെയുള്ള അന്യ സംസ്ഥാന തൊഴിലാളികളില്‍ 25 ശതമാനം പേരും ഗുരുതരമായ ലൈംഗിക രോഗ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10,000 തൊഴിലാളികളില്‍ 2,500 പേര്‍ക്ക് ലൈംഗിക രോഗങ്ങള്‍ ഉണ്ടെന്നുള്ള കണ്ടെത്തല്‍ കടുത്ത ആശങ്കയാണുയര്‍ത്തുന്നതാണ്.
25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്ക്. മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും പോലെ തന്നെ ലൈംഗിക അരാജകത്വ പ്രവണതയും ഇവരില്‍ കൂടുതലാണ്. മാസങ്ങളോളം നാടും കുടുംബവുമായി വിട്ടുനില്‍ക്കേണ്ടിവരുന്ന ഇവര്‍ ലൈംഗികത്തൊഴിലാളികളിലേക്ക് ആകര്‍ഷിക്കപ്പെടുകയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നതാണ് രോഗബാധക്ക് കാരണമാകുന്നത്. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ല. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് വളരെ വേഗം പലായനം ചെയ്യുന്നതുകൊണ്ട് അസുഖബാധിതരെ കണ്ടെത്തുന്നതിനും ബുദ്ധിമുട്ടു നേരിടുന്നുണ്ട്. എച്ച് ഐ വി പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്ന പലരും കൃത്യമായി ചികിത്സ നടത്തുന്നതിനോ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനോ തയ്യാറാകാത്തത് രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നുണ്ട്.
കൃത്യമായ ബോധവത്കരണ പരിപാടികള്‍ മാത്രമാണ് ഇതിനു പോംവഴിയായി അധികൃതര്‍ കാണുന്നത്. അവര്‍ക്കിടയില്‍ നിന്നു തന്നെ ഒരാളെ തിരഞ്ഞെടുത്ത് ബോധവത്കരണ പരിപാടികളും ഊര്‍ജിതമാക്കാനാണ് അടുത്ത ശ്രമം. ആഗോള തലത്തിലും ഇന്ത്യയിലും അന്യ സംസ്ഥാന തൊഴിലാളികളെയാണ് രോഗാണു ബാധിതരും വാഹകരുമായി കണക്കാക്കപ്പെടുന്നത്.
ലൈംഗിക രോഗങ്ങള്‍ക്ക് പുറമെ പകര്‍ച്ച വ്യാധികളും അന്യ സംസ്ഥാന തൊഴിലാളികളില്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. മന്ത്, മലേറിയ, ത്വക്ക് രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും വ്യാപകമാകുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Latest