Connect with us

National

ഗുജറാത്തില്‍ മറ്റൊരു വീഡിയോ കൂടി വിവാദമാകുന്നു

Published

|

Last Updated

അഹമ്മദാബാദ്: സൂറത്ത് പോലീസിന്റെ മോക്ക് ഡ്രില്ലില്‍ തീവ്രവാദികളായി വേഷമിട്ട പോലീസുകാര്‍ക്ക് മുസ്‌ലിം തൊപ്പി നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ മറ്റൊരു വീഡിയോ കൂടി ഗുജറാത്തില്‍ വിവാദത്തിന് തിരികൊളുത്തുന്നു. നര്‍മദ ജില്ലയില്‍ നര്‍മദാ ഡാം പരിസരത്ത് നടന്ന മോക്ക് ഡ്രില്ലിന്റെ വീഡിയോ ചിത്രമാണ് ഇന്നലെ പുറത്ത് വന്നിരിക്കുന്നത്.
തീവ്രവാദികളായി വേഷമിട്ട രണ്ട് പോലീസുകാര്‍ “ഞങ്ങളുടെ ജീവനെടുക്കൂ, നിനക്ക് വേണമെങ്കില്‍, ഇസ്‌ലാം സിന്ദാബാദ്” എന്ന് മുദ്രാവാക്യം വിളിക്കുന്ന രംഗമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവം വിവാദമായ സാഹചര്യത്തില്‍ ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും നര്‍മദാ പോലീസ് സൂപ്രണ്ട് ജയ്പാല്‍ സിംഗ് റാത്തോഡ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മോക്ക് ഡ്രില്‍ പോലീസിന്റെ പതിവാണ്. പുതിയ വീഡിയോ കേവാദിയ പ്രദേശത്ത് ഒരാഴ്ച മുമ്പാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ മോക്ക് ഡ്രില്ലില്‍ തീവ്രവാദികളായി വേഷമിട്ട പോലീസുകാര്‍ക്ക് മുസ്‌ലിം തൊപ്പി നല്‍കിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ മാപ്പ് പറഞ്ഞിരുന്നു.
ബി ജെ പി ന്യൂനപക്ഷ സെല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ മോക്ക് ഡ്രില്ലിനെതിരെ രംഗത്ത് വന്നിരുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടരുതെന്ന് ബി ജെ പിയുടെ ഗുജറാത്ത് ഘടകം ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് മെഹ്ബൂബ് അലി ചിസ്തി ചൂണ്ടിക്കാട്ടിയിരുന്നു.