Connect with us

National

താജ്മഹല്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണം കുറയുന്നു

Published

|

Last Updated

ആഗ്ര: ടൂറിസ്റ്റുകളുടെ മുഖ്യ ആകര്‍ഷണവും ലോകാത്ഭുതങ്ങളിലൊന്നുമായ താജ്മഹല്‍ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പഠനത്തിലാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. 2012 ല്‍ വിദേശത്ത് നിന്നും താജ്മഹല്‍ സന്ദര്‍ശനത്തിനായി എത്തിയത് 7.9 ലക്ഷം പേരാണെങ്കില്‍ 2013 ല്‍ 7.4 ലക്ഷമായി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 6.9 ലക്ഷമായി വീണ്ടും കുറഞ്ഞിരിക്കുകയാണെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. അവസാന മൂന്ന് വര്‍ഷങ്ങളിലെ സന്ദര്‍ശകരുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010, 2011 വര്‍ഷങ്ങളില്‍ 10-15 ശതമാനം വരെ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരുന്നു.
ടൂറിസം മേഖലയിലെ ഈ പ്രതിസന്ധിക്ക് കാരണം വിദേശ സഞ്ചാരികള്‍ക്ക് നേരെ നടക്കുന്ന കൈയേറ്റങ്ങളും അക്രമങ്ങളും രാജ്യത്ത് നിലനില്‍ക്കുന്ന അപര്യാപ്തമായ നിയമ രീതികളുമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ദേശീയ മാധ്യമങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് നേരെയുള്ള ക്രിമിനല്‍ കുറ്റങ്ങളെ ഏറ്റെടുക്കുന്നതും തിരച്ചടിയാകുന്നതായി ആഗ്ര ട്രാവല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് തിവാരി പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബറില്‍ ബ്രിട്ടീഷ് ദമ്പതികളെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍ പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബഹൂനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി അവയവങ്ങള്‍ക്ക് പരുക്കേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രിലില്‍ മാനഭംഗ ശ്രമത്തിനെതിരെയും നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിന്റെയും പേരില്‍ ഹോട്ടലുടമക്കെതിരെ ജര്‍മന്‍ യുവതി എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലക്ക് അപകീര്‍ത്തി ഉണ്ടാക്കുകയാണ്. എന്നാല്‍ ടൂറിസം അധികൃതരുടെ തന്നെ നിഗമന പ്രകാരം പരിമിതമായ വികസനവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ടൂറിസം കേന്ദങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കൂന്നതിന് പ്രധാന തടസ്സമാകുന്നത്.
യമുന എക്‌സ്പ്രസ് വേയിലൂടെയുള്ള ആസ്വാദ്യകരമായ രണ്ട് മണിക്കൂര്‍ യാത്രക്ക് ശേഷം ആഗ്രയില്‍ നിന്ന് താജ്മഹലിലെത്താന്‍ വീണ്ടും ദുഷ്‌കരമായ രണ്ട് മണിക്കൂര്‍ വേണ്ടി വരുന്നത് സഞ്ചാരകളെ സംബന്ധിച്ചടത്തോളം ദുരിതപൂര്‍ണമാണെന്ന് ആഗ്ര ടൂറിസ്റ്റ് വെല്‍ഫെയര്‍ പ്രസിഡന്റ് പ്രഹഌദ് അഗര്‍വാള്‍ പറഞ്ഞു. ദീര്‍ഘമായ ട്രാഫിക് തടസ്സങ്ങളും മലിനീകരണവും ദല്ലാള്‍മാരുടെ പകല്‍കൊള്ളയും ചേരുന്നതോടെ ടൂറിസ്റ്റ് കേന്ദങ്ങളെ കുറിച്ച് പുറം രാജ്യങ്ങളില്‍ മോശമായ സന്ദേശമാണ് കൈമാറുന്നത്. അതേസമയം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2013ല്‍ 50.9 ലക്ഷം ആളുകളും പോയ വര്‍ഷത്തില്‍ 53.7 ലക്ഷം പേരും സന്ദര്‍ശകരായി എത്തിയിട്ടുണ്ട്. സര്‍ക്കാറിന്റെയും ടൂറിസം വകുപ്പിന്റെയും അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തകരുന്നത് ചരിത്ര പൈതൃകവും സാമ്പത്തിക വരുമാനവുമായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.