Connect with us

National

സുരക്ഷാ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതിനെതിരെ മോദിയുടെ ഭാര്യ അപ്പീല്‍ നല്‍കി

Published

|

Last Updated

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയെന്ന നിലയില്‍ തനിക്ക് നല്‍കുന്ന സുരക്ഷ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച പോലീസ് നടപടിക്കെതിരെ യശോദാബെന്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിവരാവാകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന മറുപടിയെ തുടര്‍ന്നാണ് അവര്‍ മെഹ്‌സാന ജില്ലാ പോലീസ് മേധാവിക്ക് അപ്പീല്‍ നല്‍കിയത്. സുരക്ഷ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരികയില്ലെന്നാണ് അവര്‍ക്ക് ലഭിച്ച മറുപടി . എന്നാല്‍ താന്‍ ആവശ്യപ്പെട്ടത് തനിക്ക് നല്‍കുന്ന സുരക്ഷയുമായി ബന്ധപ്പെട്ട ഓര്‍ഡറിന്റെ പകര്‍പ്പാണെന്നും ഇതിന് ഇന്റലിജന്‍സുമായി ബന്ധമില്ലെന്നും മെഹ്‌സാന ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ അപ്പീലില്‍ യശോദാബെന്‍ വ്യക്തമാക്കി. താന്‍ പ്രധാനമന്ത്രിയുടെ ഭാര്യയാണ്. അത് കൊണ്ട് ചിലരുടെ ഇടപെടലിനെ തുടര്‍ന്നാണ് തനിക്ക് വിവരങ്ങള്‍ നിഷേധിച്ചത്.മറുപടി നിരസിച്ചതിന് പ്രത്യേക കാരണങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.
തനിക്ക് നല്‍കുന്ന സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ രേഖകള്‍ ആവശ്യപ്പെട്ട് യശോദാബെന്‍ നവംബര്‍ 24 നാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ ഭാര്യക്ക് നല്‍കുന്ന സുരക്ഷ എന്തൊക്കെ, പ്രോടോകോള്‍ പ്രകാരം അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. തനിക്കേര്‍പ്പെടുത്തിയ സുരക്ഷ തന്നെ ബുദ്ധിമുട്ടിക്കുന്നതായി അവര്‍ വ്യക്തമാക്കിയിരുന്നു. താന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ സഞ്ചരിക്കുമ്പോഴും തന്റെ സുരക്ഷാ സേനാംഗങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങളിലാണ് സഞ്ചരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷാ സേനാംഗങ്ങള്‍ പിന്തുടരുന്നത് തനിക്ക് ഭയമാണെന്നാണ് യശോദാബെന്‍ പറയുന്നത്. അതിന് കാരണമായി അവര്‍ എടുത്തു പറയുന്നത് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് സ്വന്തം അംഗരക്ഷകരാല്‍ തന്നെയാണെന്നാണ്. അംഗരക്ഷകരെ ഏര്‍പ്പെടുത്തുമ്പോള്‍ അവരെ നിയമിച്ചതിന്റെ ഉത്തരവ് കോപ്പിയും നല്‍കണമെന്ന് യശോദാബെന്‍ ആവശ്യപ്പെടുന്നു. മെഹ്‌സാനാ ജില്ലയിലെ ഉന്‍ജാ നഗരത്തില്‍ സഹോദരനൊപ്പമാണ് യശോദാബെന്‍ കഴിയുന്നത്. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ ഭാര്യ യശോദാബെന്നിനും മെഹ്‌സാന പോലീസ് വന്‍സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സായുധ അംഗങ്ങള്‍ ഉള്‍പ്പെടെ പത്തോളം പോലീസുകാരെയാണ് യശോദാബെന്നിന്റെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി ഇവര്‍ ജോലി ചെയ്യുന്നു. ഓരോ ഷിഫ്റ്റിലും അഞ്ച് പേര്‍ വീതമാണ് ഡ്യൂട്ടിയിലുണ്ടാകുക.

---- facebook comment plugin here -----

Latest