Connect with us

Kerala

കൊച്ചി മെട്രോ നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാകില്ലെന്ന് ഡി എം ആര്‍ സി

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാകില്ലെന്ന് ഡി എം ആര്‍ സിയുടെ സ്ഥിരീകരണം. 2015 ഡിസംബര്‍ 31നകം ആലുവയില്‍ നിന്ന് കലൂരിലേക്കും 2016 മാര്‍ച്ച് 31നകം അവസാന സ്റ്റേഷനായ വൈറ്റില പേട്ട വരെയും ട്രെയിന്‍ ഓടിക്കുമെന്നായിരുന്നു ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ നേരത്തെ നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ 2016 ജൂണില്‍ മഹാരാജാസ് കോളജ് വരെമുള്ള ജോലികള്‍ മാത്രമേ പൂര്‍ത്തിയാകൂവെന്ന് ശ്രീധരന്‍ വ്യക്തമാക്കി. സ്ഥലമെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയാത്തതിനാലാണ് കൊച്ചി മെട്രോ വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥലമെടുക്കലിലെ പ്രശ്‌നങ്ങളുടെ പേരില്‍ പദ്ധതിയുടെ സമയക്രമം ഡി എം ആര്‍ സി നേരത്തെ തന്നെ മാറ്റി നിശ്ചയിച്ചിരുന്നു. പദ്ധതി മൊത്തം പൂര്‍ത്തിയാകേണ്ട 2016 ജൂണിനുള്ളില്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള ജോലികള്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്ന് ഡി എം ആര്‍ സി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2016 ജൂണ്‍ മാസത്തിനകം പാലാരിവട്ടം വരെയുള്ള ജോലികളെങ്കിലും പൂര്‍ത്തിയാക്കുകയാണ് ഇപ്പോള്‍ ഡി എം ആര്‍ സിയുടെ ലക്ഷ്യമെന്ന് ശ്രീധരന്‍ അറിയിച്ചു. പലയിടത്തും സ്ഥലം ഏറ്റെടുത്തു കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും മന്ദീഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
മെട്രോ റെയിലിന്റെ പരീക്ഷണ ഓട്ടം സംബന്ധിച്ചും ഡി എം ആര്‍ സി മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടു പോയി. അടുത്ത ജനുവരിയില്‍ ആലുവ മുട്ടം മുതല്‍ ഇടപ്പള്ളി ജംഗ്ഷന്‍ വരെ മാത്രമേ ട്രയല്‍ റണ്‍ നടത്തൂവെന്ന് ഡി എം ആര്‍ സി പറയുന്നു. ജനുവരിയിലാണ് കൊച്ചി മെട്രോക്കുള്ള ആദ്യ ട്രെയിന്‍ എത്തുക. ജനുവരിയില്‍ ഇടപ്പള്ളി വരെയും ഫെബ്രുവരിയില്‍ ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയും തുടര്‍ന്ന് മുട്ടം മുതല്‍ ആലുവ വരെയും പരീക്ഷണ ഓട്ടം നടത്തും. നേരത്തെ ജനുവരിക്കുള്ളില്‍ ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് ഡി എം ആര്‍ സി അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡി എം ആര്‍ സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പരീക്ഷണ ഓട്ടത്തിനുള്ള ദൂരം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ദൂരം വെട്ടിക്കുറക്കുന്ന കാര്യം ഇതുവരെ ഡി എം ആര്‍ സി അറിയിച്ചിട്ടില്ലെന്നും ജനുവരിയില്‍ മഹാരാജാസ് കോളജ് വരെ പരീക്ഷണ ഓട്ടം നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും കെ എം ആര്‍ എല്‍ എം ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. ആലുവ മുതല്‍ മഹാരാജസ് വരെ പരീക്ഷണ ഓട്ടം നടത്താനാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നിട്ടുള്ള യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി മെട്രോപദ്ധതി അവലോകനം ചെയ്യാന്‍ ആറിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് ഇ ശ്രീധരന്‍ വ്യക്കമാക്കി. ഈ യോഗത്തില്‍ സമയക്രമത്തിലെ മാറ്റങ്ങള്‍ ഡി എം ആര്‍ സി സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കും. സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതാണ് മെട്രോ നിര്‍മാണത്തിന്റെ താളം തെറ്റിക്കുന്നതെന്നാണ് ഡി എം ആര്‍ സിയുടെ വാദം. സ്ഥലം ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കെ എം ആര്‍ എല്‍ പറഞ്ഞിരുന്ന സമയപരിധി കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഇപ്പോഴും സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ണമായിട്ടില്ല. എം ജി റോഡില്‍ ശീമാട്ടിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈഭാഗത്തെ കെട്ടിടങ്ങള്‍ പൊളിക്കാനും പൈലിംഗ് ആരംഭിക്കാനും കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാന്‍ അന്തിമ തീരുമാനമായയിട്ടും ഏറ്റെടുക്കല്‍ നടപടികള്‍ വൈകുകയാണ്. ഇടപ്പള്ളിയില്‍ മലബാര്‍ ഗോള്‍ഡുമായും ഇതുപോലെ തര്‍ക്കം നിലനില്‍ക്കുന്നു. വൈറ്റില വരെയുള്ള റീച്ചിലും സ്ഥലം ഏറ്റെടുത്തു കൈമാറുന്ന നടപടി പൂര്‍ത്തിയാകാത്തതിനാല്‍ മെട്രോ നിര്‍മാണം ഇഴയുകയാണ.്
എന്നാല്‍ നിലവില്‍ രണ്ടുമൂന്ന് സ്ഥലങ്ങളൊഴികെ മെട്രോ റെയിന് വേണ്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് കെ എം ആര്‍ എല്‍ വ്യക്തമാക്കുന്നു. ഏറ്റവുമൊടുവില്‍ എം ജി റോഡില്‍ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇനി കലൂരിലും ലിസി ജംഗ്ഷനിലും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ഭാഗത്തും ഇടപ്പള്ളി ജംഗ്ഷനിലുമാണ് ഭൂമി ഏറ്റെടുക്കാനുള്ളത്. ഇത് സ്റ്റേഷനുകള്‍ നിര്‍മിക്കുന്ന സ്ഥലങ്ങളാണെന്നും നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിക്കുന്നതല്ലെന്നും കെ എം ആര്‍ എല്‍ പറയുമ്പോള്‍ ഭൂമി കൈവശം കിട്ടിയാല്‍ മാത്രമേ ഈ പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയൂവെന്നാണ് ഡി എം ആര്‍ സി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ 2013ല്‍ സ്ഥലം ഏറ്റെടുത്തു കൊടുത്തിട്ടും ആലുവ അമ്പാട്ടുകാവില്‍ എന്തുകൊണ്ടാണ് സ്റ്റേഷന്റെ നിര്‍മാണം നടത്താത്തത് എന്നാണ് കെ എം ആര്‍ എല്ലിന്റെ മറുചോദ്യം.

---- facebook comment plugin here -----

Latest