Connect with us

Gulf

റോഡുകളില്‍ പരിശോധന നടത്താന്‍ ഫെഡറല്‍ പോലീസ് വരുന്നു

Published

|

Last Updated

ദുബൈ: യു എ ഇയിലെ റോഡുകളില്‍ ഫെഡറല്‍ പോലീസിന്റെ പരിശോധന ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ആലോചിക്കുന്നു. അമേരിക്കയിലും മറ്റും ഇത്തരം സംവിധാനങ്ങളുണ്ട്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗതാഗത തടസം ഒഴിവാക്കാന്‍ ഇത് ഉപകരിക്കുമെന്ന് ദുബൈ പോലീസ് അസി. കമാണ്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ സഫീന്‍ അറിയിച്ചു.
എല്ലാ റോഡുകളിലും ഇവര്‍ റോന്തുചുറ്റും. നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്താനും വാഹനം കണ്ടുകെട്ടാനും ഇവര്‍ക്ക് അധികാരമുണ്ടായിരിക്കും. യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. യു എ ഇ എന്ന് രേഖപ്പെടുത്തിയ നമ്പര്‍ പ്ലേറ്റ് ഏര്‍പ്പെടുത്താനും ആലോചിക്കുന്നു. ഓരോ എമിറേറ്റിനും വ്യത്യസ്ത നമ്പര്‍ പ്ലേറ്റാണ് ഇപ്പോഴുള്ളത്. എമിറേറ്റിന്റെ പേരിനൊപ്പം യു എ ഇ എന്ന് ചേര്‍ക്കും.
അപകട സ്ഥലം കാണാനായി വാഹനം നിര്‍ത്തിയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പോലീസിന്റെ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും ഇത് തടസം സൃഷ്ടിക്കാറുണ്ടെന്നും മേജര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

Latest