Connect with us

Gulf

മരുഭൂവിലും പുതുവത്സരാഘോഷം

Published

|

Last Updated

ഷാര്‍ജ:നഗരങ്ങളോടൊപ്പം മരുഭൂമിയിലും പുതുവത്സരാഘോഷം അരങ്ങു തകര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മണലാരണ്യങ്ങളിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. ഷാര്‍ജയുടെ മരു പ്രദേശങ്ങളായ മദാമില്‍ രാത്രി മുഴുവന്‍ നീണ്ടതായിരുന്നു ആഘോഷം. ഏറെയും വിദേശികളായിരുന്നു ഇവിടെ എത്തിയത്. റഷ്യ, ഇറ്റലി, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ആടിയും, പാടിയും, കൂകി വിളിച്ചുമാണ് പുതു വര്‍ഷത്തെവരവേറ്റത്.
നഗരങ്ങളിലെ ആഘോഷ പരിപാടികളില്‍ നിന്നു വേറിട്ടതായിരുന്നു മരുഭൂവിലെ ആഘോഷം. മലയാളികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. നഗരത്തിലെ തിരക്കില്‍ നിന്നു ഒഴിയാനാണ് ആഘോഷത്തിനായി മരുഭൂമി തിരഞ്ഞെടുത്തതെന്ന് ജുവൈരിയ്യയില്‍ താമസക്കാരനും തിരുവല്ല സ്വദേശിയുമായ റോളിന്‍ ടൈറ്റസ് പറഞ്ഞു. റഷ്യക്കാരിയായ പ്രതിശ്രുത വധുവിനോടൊപ്പമാണ് 30 കാരനായ റോബിന്‍ മദാം മരുഭൂമിയില്‍ എത്തിയത്. കുടെ, ഇറ്റലിയിലെയും റഷ്യയിലെയും കൂട്ടുകാരും ഉണ്ടായിരുന്നു. അടിപൊളിയായിരുന്നു മരുഭൂമിയിലെ ആഘോഷമെന്നും റോബിന്‍ പറഞ്ഞു. ശൈത്യം ആഘോഷപരിപാടികള്‍ക്കു കൊഴുപ്പുകൂട്ടിയതായും യുവാവ് കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജ, കോര്‍ണീഷിലും റോളയിലും മറ്റും പുതുവത്സരാഘോഷ പരിപാടികള്‍ അരങ്ങേറി. പാതിരാത്രിവരെ പരിപാടികള്‍ നീണ്ടുനിന്നു. നിരത്തുകളിലും, ബീച്ചുകളിലും ഒത്തുകൂടിയ ആളുകള്‍ പുതുവര്‍ഷത്തെ ആഹ്ലാദപൂര്‍വം വരവേറ്റു. പടക്കം പൊട്ടിച്ചും വാദ്യ മേളം മുഴക്കിയും ആര്‍പ്പുവിളിച്ചുമാണ് നവ വര്‍ഷത്തെ സ്വാഗതം ചെയ്തത്. ആഘോഷം അതിരുകടക്കുന്നത് തടയാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിച്ചു.

Latest