Connect with us

Gulf

ഈ വര്‍ഷം ശ്രദ്ധേയമാകുന്ന പദ്ധതികള്‍

Published

|

Last Updated

അബുദാബി: 2015ല്‍ നിരവധി പുതിയ പദ്ധതികളാണ് യു എ ഇയില്‍ ശ്രദ്ധേയമാകുന്നത്. ഇതില്‍ പ്രധാനം ഇത്തിഹാദ് റെയില്‍വെ. രാജ്യത്തെ ഒരു അറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് റെയില്‍ പാത പൂര്‍ത്തിയാകാന്‍ മുന്നോ നാലോ വര്‍ഷം വേണമെങ്കിലും ഇക്കൊല്ലം പ്രധാനമാണ്.
സഊദിയുടെ അതിര്‍ത്തി പ്രദേശമായ ശാഹ് മുതല്‍ റാസല്‍ ഖൈമ വരെ 1171 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ റെയിലിന്റെ രണ്ടാം ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാകും.
ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന ശാഹ് (അബ്ശാന്‍) മുതല്‍ റുവൈസ് വരെയുള്ള 264 കിലോമീറ്റര്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായി.
യു എ ഇയിലെ പ്രധാന തുറമുഖങ്ങളായ അബുദാബി ഖലീഫ പോര്‍ട്ട്, ജബല്‍ അലി എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന 628 കിലോമീറ്റര്‍ മുസഫ്ഫ പദ്ധതിയാണ് 2015ല്‍ പൂര്‍ത്തിയാകുക.
മൂന്നാം ഘട്ടത്തില്‍ വടക്കന്‍ എമിറേറ്റുകളായ ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ ഖൈമ എന്നീ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 279 കിലോമീറ്റര്‍ 2015ല്‍ തുടക്കം കുറിക്കും. ഇത്തിഹാദ് റെയില്‍ ജി സി സി റെയിലുമായി ബന്ധിപ്പിക്കുന്നത് കൊണ്ട് ഗള്‍ഫ് രാഷ്ട്രങ്ങളുടെ സമഗ്ര വികസനമാണ് യാഥാര്‍ഥ്യമാകുവാന്‍ പോകുന്നത്.
ദുബൈയിലെ ബുര്‍ജ് ഖലീഫ കൂടുതല്‍ കൂടുതല്‍ ലോക ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം പുതുവത്സരപ്പിറവി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ നോക്കിക്കാണുകയുണ്ടായി. 125-ാം നിലവരെയാണ് ബുര്‍ജ് ഖലീഫയില്‍ സന്ദര്‍ശകര്‍ക്ക് അനുമതി ഉണ്ടായിരുന്നതെങ്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് 148-ാം നിലവരെ തുറന്ന് കൊടുത്തു. ലോകാല്‍ഭുതങ്ങളില്‍ ഒന്നായ ബുര്‍ജ് ഖലീഫയുടെ പുതിയ ചുവട് വെച്ച് 2015ന്റെ വികസനത്തിന് പുതിയ വഴി തുറക്കും.
ദുബൈ വികസനത്തിന്റെ പുതിയൊരു നാഴിക കല്ലാണ് ദുബൈ കനാല്‍. ദുബൈയുടെ മുഖഛായ മാറ്റുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം 2015ല്‍ പൂര്‍ത്തിയാകും. ജുമൈറ ബീച്ച്, ദുബൈ ക്രീക്ക് എന്നിവയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആറു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഒഴുകുന്ന നൗകകളും ബിസിനസ് കേന്ദ്രങ്ങളും സിനിമാശാലകളും കനാലിന്റെ പ്രത്യേകതയാണ്. സമുദ്രോല്‍പന്നങ്ങളുടെ ഭക്ഷണ ശാലകളും കനാലില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2017ലാണ് പൂര്‍ണ തോതില്‍ സജ്ജമാവുക. യു എ ഇയിലെ സന്ദര്‍ശകരുടെ കേന്ദ്രമായി ദുബൈ കനാല്‍ മാറും. 80.2 കോടി ദിര്‍ഹമാണ് ഈ വര്‍ഷം ചിലവ് ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളിലാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും സ്മാര്‍ട് ആപ്ലിക്കേഷനുകളിലേക്ക് വ്യാപിക്കുന്നവര്‍ഷമാണ് 2015.
ദുബൈ സര്‍ക്കാറിന്റെ സേവനങ്ങള്‍ സ്മാര്‍ട് ആപ്ലിക്കേഷനില്‍ ലഭ്യമാകുന്നുണ്ടെങ്കിലും മറ്റ് പ്രവിശ്യ സര്‍ക്കാറുകളും ഈ വര്‍ഷം തന്നെ ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ ലഭ്യമാക്കും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി