Connect with us

Kozhikode

ബി ജെ പി ഉപരോധം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു

Published

|

Last Updated

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജിന്റെയും സാമൂതിരി രാജാവിന്റെയും പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബി ജെ പി ഉപരോധം മൂലം തടസ്സപ്പെടുന്നതായി കോളജ് അധികൃതര്‍. ക്യമ്പസിനെ രാഷ്ട്രീയ വത്കരിക്കാനാണ് ബി ജെ പിക്കാരുടെ ശ്രമമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോളജ് അച്ചടക്ക സമിതി അന്വേഷണം നടത്തി കുറ്റക്കാരെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ട എ ബി വി പി പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച കോളജും സാമൂതിരി സ്‌കൂളും ഉപരോധിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 22 നും തുടര്‍ന്ന് 28 നും നടന്ന വിദ്യാര്‍ഥി സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് എസ് എഫ് ഐക്കാരെയും രണ്ട് എ ബി വി പി ക്കാരയും കോളജില്‍ നിന്ന് പുറത്താക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. എ ബി വി പി ക്കാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നവംബര്‍ 11 ന് തളിയിലെ മാനേജ്‌മെന്റ് ഓഫീസ് എ ബി വി പിക്കാര്‍ അടിച്ചു തകര്‍ത്തു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച് ഇത് തത്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഗുരുവായൂരപ്പന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി സി രതി തമ്പാട്ടി, ഡോ എം കെ രാമകൃഷ്ണന്‍, ഡോ.എന്‍ ഇ രാജീവന്‍, ഡോ. രാമചന്ദ്രന്‍, മായാ ഗോവിന്ദ് സംബന്ധിച്ചു.