Connect with us

Kozhikode

ടി ടി സര്‍വീസ് നിര്‍ത്തലാക്കലിന് പിന്നില്‍ യൂനിയനുകള്‍

Published

|

Last Updated

കൊടുവള്ളി: കോഴിക്കോട് – വയനാട് ഉള്‍പ്പെടെ വിവിധ ദീര്‍ഘദൂര റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി 2004 മുതല്‍ നടത്തിവന്ന ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള നീക്കത്തിന് പിന്നില്‍ ട്രേഡ് യൂനിയനുകളുടെ സമ്മര്‍ദ്ദമെന്ന് ആക്ഷേപം.
വയനാട് റൂട്ടില്‍ ടി ടി സര്‍വീസ് തുടങ്ങിയ കാലത്ത് മാനന്തവാടി, സുല്‍ത്താന്‍ബത്തേരി റൂട്ടുകളില്‍ കേവലം 14 സ്റ്റോപ്പുകളാണുണ്ടായിരുന്നത്. അതിപ്പോള്‍ 44 ആയി വര്‍ധിച്ചു. ഈ റൂട്ടുകളില്‍ ഒരു തവണ സര്‍വീസ് നടത്തിയാല്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു ഡ്യൂട്ടിയും 35 രൂപ ബത്തയുമാണ് നല്‍കുന്നത്. ടി ടി സ്റ്റോപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇടത്പക്ഷവും യു ഡി എഫും ഉള്‍പ്പെടെയുള്ള യൂനിയനുകള്‍ അധിക ഡ്യൂട്ടിയാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുകയാണ്. അധിക ഡ്യൂട്ടി നല്‍കുന്നത് കെ എസ് ആര്‍ ടി സിക്ക് സാമ്പത്തിക ബാധ്യതയാകുന്നതിനാലാണ് ഘട്ടം ഘട്ടമായി ടി ടി ബസുകള്‍ റദ്ദാക്കാന്‍ ഉന്നതോദ്യോഗസ്ഥര്‍ നീക്കം തുടങ്ങിയത്. പകരം ഫാസ്റ്റ് പാസഞ്ചര്‍, സിറ്റി ടു സിറ്റി സര്‍വീസുകള്‍ കൂട്ടാനാണ് തീരുമാനം. ഇക്കാര്യം അധിക വേതനമാവശ്യപ്പെട്ട് സമര ഭീഷണി മുഴക്കിയ ട്രേഡ് യൂനിയന്‍ ഭാരവാഹികളെ ബോധ്യപ്പെടുത്തിയതായാണ് വിവരം.
ഒറ്റയടിക്ക് ടി ടി ബസുകള്‍ റദ്ദാക്കുന്നതിലൂടെ ഉണ്ടാകുന്ന യാത്രാക്ലേശം കണക്കിലെടുത്ത് ഘട്ടം ഘട്ടമായി മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കും. പെട്ടെന്ന് സര്‍വീസുകള്‍ തുടങ്ങാന്‍ തടസ്സമാകുന്നത് മലബാറിലെ വിവിധ യൂനിറ്റുകളില്‍ പുതിയതും പ്രവര്‍ത്തനക്ഷമവുമായ ബസുകള്‍ ഇല്ലാത്തതാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് ഏറ്റവും പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. അവിടങ്ങളില്‍ ഓടി പഴക്കം ചെന്ന ബസുകളാണ് മലബാര്‍ ജില്ലകളിലേക്ക് അയക്കുന്നത്.

 

Latest