Connect with us

Kerala

സംസ്ഥാന വ്യാപകമായി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം നിയുക്തി- 2015 എന്ന പേരില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നതായി സംസ്ഥാന എംപ്ലോയ്‌മെന്റ് ആന്‍ഡ് “ട്രെയിനിംഗ് ഡയറക്ടര്‍ എ ഷൈനാമോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെയാണ് ജോബ് ഫെയര്‍.
ഫെയറിന്റെ ആദ്യഘട്ടം എറണാകുളം ജില്ലയില്‍ കുസാറ്റ് ക്യാമ്പസില്‍ ഈമാസം 10, 11 തീയതികളില്‍ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ സംയുക്തമായാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി കെ ഇബ്‌റാഹീംകുഞ്ഞ് അധ്യക്ഷത വഹിക്കും. മന്ത്രി കെ ബാബു, തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് പങ്കെടുക്കും. ജോബ് ഫെയറില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ് എന്നതാണ് മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള പ്രത്യേകതയെന്നും എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ പറഞ്ഞു.
കോഴിക്കോട് മലപ്പുറം ജില്ലകളെ ഉള്‍പ്പെടുത്തി നിലമ്പൂരില്‍വെച്ച് ഫെബ്രുവരി രണ്ടിന് നിയുക്തി 2015ന്റെ രണ്ടാം തൊഴില്‍മേള നടക്കും. പാലക്കാട്, തൃശൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തി പാലക്കാട്ട് വെച്ച് അടുത്ത മാസം 14നും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെ ഉള്‍പ്പെടുത്തി കൊല്ലത്ത് അടുത്ത മാസം 21നും കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളെ ഉള്‍പ്പെടുത്തി കണ്ണൂരില്‍വെച്ച് അടുത്ത മാസം 28നും ജോബ് ഫെയറുകള്‍ സംഘടിപ്പിക്കും. ഐ ടി, ടെക്‌സ്റ്റൈല്‍സ്, ജൂവലറി, ഓട്ടോമൊബൈല്‍സ്, പി സി ഒ, ഹെല്‍ത്ത് കെയര്‍ എന്നിവയടക്കം പല പ്രമുഖ കമ്പനികളും ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ഇതുവരെ 15,000 ഓളം പേരാണ് ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ഓറിയന്റേഷന്‍ ക്ലാസും ട്രെയിനിംഗും ഈമാസം അഞ്ച് മുതല്‍ നല്‍കും. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ ബി എസ് സി(സ്റ്റാറ്റിസ്റ്റിക്‌സ്), എം ബി ബി എസ്, എം ഡി, കൊമേഴ്‌സ് വിഭാഗങ്ങളിലുള്ളവര്‍ കുറവാണ്. ഈ വിഭാഗങ്ങളിലെ കുറവ് നികത്തുന്നതിനായി ഇന്നുമുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു. അധികമായി 3,000 രജിസ്‌ട്രേഷന്‍കൂടി മാത്രമേ നടത്തൂ. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് തുടര്‍ ദിവസങ്ങളില്‍ നല്‍കും. www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓരോ മേളയിലും ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് കമ്പനികളുമായി കൂടിക്കാഴ്ചക്ക് അവസരമുണ്ടാകുമെന്നും എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രയിനിംഗ് ഡയറക്ടര്‍ എ ഷൈനാമോള്‍ പറഞ്ഞു.

Latest