Connect with us

National

കാശ്മീരില്‍ അനിശ്ചിതത്വം തുടരുന്നു; ഉറച്ച സര്‍ക്കാറുണ്ടാക്കുമെന്ന് ബി ജെ പി

Published

|

Last Updated

ശ്രീനഗര്‍/ ജമ്മു: കാശ്മീരില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബി ജെ പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. പി ഡി പി-ബി ജെ പി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറയെ കണ്ട് ചര്‍ച്ച നടത്തിയത്. അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചതായി ബി ജെ പി സംസ്ഥാന അധ്യക്ഷനും എം പിയുമായ ജുഗല്‍ കിഷോര്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ആരുമായിട്ടായിരിക്കും രാഷ്ട്രീയ സഖ്യമുണ്ടാക്കുകയെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ബി ജെ പിയുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് പി ഡി പി നേതാവ് മഹ്ബൂബ മുഫ്തി സൂചന നല്‍കിയ സാഹചര്യത്തില്‍ പി ഡി പിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് പാര്‍ട്ടി. ഇന്നലെ ഗവര്‍ണറെ കണ്ട ബി ജെ പി നേതാക്കള്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു. സൗഹാര്‍ദപരമായി അന്തരീക്ഷത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ചര്‍ച്ചകള്‍ നടത്തുമെന്ന് ജുഗല്‍ കിഷോര്‍ പറഞ്ഞു. സ്ഥിരതയുള്ള സര്‍ക്കാറിനാണ് മുന്‍തൂക്കം. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തങ്ങള്‍ക്ക് ധൃതിയില്ല. ഏത് സഖ്യകക്ഷി സര്‍ക്കാറാണെങ്കിലും ആറ് വര്‍ഷം പൂര്‍ത്തീകരിക്കണമെന്നാണ് ആഗ്രഹമെന്നും കിഷോര്‍ പറഞ്ഞു. തന്റെ പാര്‍ട്ടിക്ക് 55 നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി ഗവര്‍ണറെ കണ്ട് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത് ബി ജെ പിയാണോ എന്ന് അവര്‍ വ്യക്തമാക്കിയിരുന്നില്ല. ഒന്നര മണിക്കൂറോളം ഗവര്‍ണറുമായി സംസാരിച്ച മെഹ്ബൂബ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ആവശ്യമാണെന്ന് അവര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വികസനവും സമാധാനവുമാണ് തങ്ങളുടെ അജന്‍ഡ. അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിവെച്ച സമാധാന സംഭാഷണങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോകേണ്ടതുണ്ടെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. അതേസമയം മെഹ്ബൂബയുടെ ശ്രമങ്ങളെ ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് സ്വാഗതം ചെയ്തു. ചര്‍ച്ചക്കുള്ള ക്ഷണം തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയെ കൂടാതെ സംസ്ഥാനത്ത് ഒരു സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി നേതാവ് അരുണ്‍ ഗുപ്തയും പറഞ്ഞു. എന്നാല്‍ ബി ജെ പിയുമായി കൂട്ടുകൂടാനുള്ള പി ഡി പി നീക്കത്തെ ജമ്മു കാശ്മീര്‍ പാന്തേഴ്‌സ് പാര്‍ട്ടി വിമര്‍ശിച്ചു. കാവി കാളവണ്ടിയിലെ സവാരി പി ഡി പിക്ക് എളുപ്പമാകില്ലെന്ന് പാര്‍ട്ടി നേതാവ് ഭീം സിംഗ് പറഞ്ഞു. ബി ജെ പിയും പി ഡി പിയും ഒരുമിച്ച് പോകുമെന്ന് താന്‍ കരുതുന്നില്ല. മുഫ്തിക്കും ബി ജെ പിക്കും കൂടുതല്‍ സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest