Connect with us

Kannur

പരിയാരം മെഡി.കോളേജിനെതിരെ ജപ്തി നടപടി തുടങ്ങി

Published

|

Last Updated

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയുള്ള സര്‍ക്കാറിന്റെ ജപ്തി നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇന്നലെ വൈകിട്ട് ജില്ലാ സഹകരണ ബേങ്കിന്റെ പരിയാരം ശാഖയിലെത്തിയാണ് ഒരു കോടിയുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഈ മാസത്തെ ശമ്പളം, ആശുപത്രി, കോളജ് എന്നിവിടങ്ങളിലെ ദൈനംദിന പ്രവര്‍ത്തനം എന്നിവക്കായി ബേങ്കുകളില്‍ നിക്ഷേപിച്ചിരുന്ന ഒരു കോടിയോളം രൂപയാണ് റവന്യൂ അധികൃതരെത്തി മരവിപ്പിച്ചത്. മൂന്ന് ആഴ്ച മുമ്പ് കടന്നപ്പള്ളി വില്ലേജ് ഓഫീസര്‍ നേരിട്ടെത്തിയായിരുന്നു ജപ്തി നോട്ടീസ് കോളജ് അധികൃതര്‍ക്ക് കൈമാറിയത്.

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മെഡിക്കല്‍ കോളജിനു വേണ്ടിയെടുത്ത തുകയും പലിശയും ഉള്‍പ്പെടെ 178 കോടി രൂപയാണ് തിരിച്ചുപിടിക്കാനുള്ളത്. സഹകരണ വകുപ്പിനു കുടിശ്ശിക വരുത്തിയ 178 കോടി രൂപ ഒരു മാസത്തിനകം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പണം തിരിച്ചടിച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്നു നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
പരിയാരം മെഡിക്കല്‍ കോളജിനെതിരെ ഹഡ്‌കോയുടെ നാനൂറ് കോടി രൂപയുടെ ജപ്തി നടപടികളും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് ഒരു കോടി രൂപ മെഡിക്കല്‍ കോളജിന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കിയിരുന്നു. ആറ് കോടിയിലേറെ രൂപ തിരിച്ചുപിടിക്കാന്‍ ആദായനികുതി വകുപ്പും നടപടികള്‍ ആരംഭിച്ചതായാണ് സൂചന. വിവിധ വിഭാഗങ്ങളിലായി 650 കോടിയിലേറെ രൂപ പരിയാരം മെഡിക്കല്‍ കോളജിന് നിലവില്‍ ബാധ്യതയുണ്ട്.
അതേസമയം, റവന്യൂ റിക്കവറി നടപടി സ്റ്റേ ചെയ്യണമെന്നും ബേങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യു, സഹകരണ വകുപ്പ് മന്ത്രിമാര്‍ക്കും പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എം വി ജയരാജന്‍ നിവേദനം സമര്‍പ്പിച്ചു. സ്ഥാപനത്തിന്റെ ആരംഭ ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതാണ് വായ്പ. അതില്‍ ഭൂരിപക്ഷം തുകയും സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ നല്‍കിയതാണ്. ഭൂമിയുടെ മതിപ്പുവില കണക്കാക്കി പണമായി നല്‍കാതെയുള്ള തുകയാണ് സര്‍ക്കാര്‍ ഓഹരി. ഭൂമിയാകട്ടെ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ സ്വകാര്യ സ്ഥാപനമെന്നപോലെ പരിയാരം മെഡിക്കല്‍ കോളജിനോട് കാണിക്കുന്ന നിലപാട് ഉചിതമല്ലെന്ന് എം വി ജയരാജന്‍ നിവേദനത്തില്‍ പറഞ്ഞു.
അക്കൗണ്ട് മരവിപ്പിക്കുക വഴി ജീവനക്കാരുടെ ശമ്പളവും ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. പുതുവര്‍ഷദിനത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത സ്ഥിതി സൃഷ്ടിച്ചത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും നിവേദനത്തില്‍ പറയുന്നു.