Connect with us

International

അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരുടെ പുനര്‍വിചാരണ നടത്തണമെന്ന് ഈജിപ്ത് കോടതി

Published

|

Last Updated

കൈറോ : ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞുവരുന്ന മൂന്ന് അല്‍ജസീറ മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ സ്വീകരിച്ച ഈജിപ്തിലെ ഉന്നത കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടതായി പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പുതിയ ചേംബറിനുമുന്നില്‍ ഹാജരാകുംവരെ ഇവര്‍ മോചിതരാകില്ലെന്നും ഇവരെ മോചിപ്പിക്കണമോ വേണ്ടയോ എന്ന കാര്യം പുതിയ ചേംബറാണ് തീരുമാനിക്കുകയെന്നും പ്രതിഭാഗം വക്കീല്‍ മുസ്തഫ നഗി പറഞ്ഞു. പീറ്റര്‍ ഗ്രസ്റ്റ്, മുസ്തഫ മുഹമ്മദ് ഫാമി, ബഹര്‍ മുഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ കോടതി, കേസ് ക്രിമിനല്‍ കോടതിയിലേക്ക് മടക്കുന്നതായി പറഞ്ഞു. മൂന്നുപേര്‍ക്കുമെതിരായ കുറ്റംചുമത്തല്‍ സുപ്രീം കോടതി അസാധുവാക്കിയതായി അല്‍ജസീറ വക്താവ് പറഞ്ഞു. മൂന്ന് പേരുടെയും പുനര്‍വിചാരാണ ഒരുമാസത്തിനുള്ളില്‍ നടക്കുമെന്ന് ഇവരുടെ അഭിഭാഷകര്‍ പറഞ്ഞു. കോടതിയുടെ തീരുമാനം നിരാശപ്പെടുത്തിയതായി ഗ്രസ്റ്റിന്റെ സഹോദരങ്ങളായ മൈക്കും അന്‍ഡ്രുയും പറഞ്ഞു. കോടതി ഉത്തരവിനോട് ഇതുവരെ ഈജിപ്ത് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. വാദം കേള്‍ക്കുന്ന സമയത്ത് മൂന്ന് മാധ്യമപ്രവര്‍ത്തകരെയും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനെ സഹായിച്ചുവെന്നാരോപിച്ചാണ് പത്രപ്രവര്‍ത്തകരെ ജയിലിലടച്ചത്. ഗ്രസ്റ്റ്, ഫാമി എന്നിവരെ ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചപ്പോള്‍ ബഹര്‍ മുഹമ്മദിനെ മൂന്ന് വര്‍ഷം കൂടി അധികതടവിന് ശിക്ഷിക്കുകയായിരുന്നു. തിരകള്‍ കൈവശംവെച്ചുവെന്ന കുറ്റം ചുമത്തിയാണിത്. എന്നാല്‍ തങ്ങളുടെ ജോലി ചെയ്തതിനാണ് തങ്ങളെ ശിക്ഷിച്ചതെന്നാണ് മൂന്ന് പേരും ആവര്‍ത്തിച്ചു പറയുന്നത്. രാജ്യത്തിന്റെ ശത്രുക്കളുമായി ചേര്‍ന്ന് മൂന്ന് പേരും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഇവരെ ശിക്ഷിച്ചുകൊണ്ട് ജഡ്ജി പറഞ്ഞത്.

---- facebook comment plugin here -----

Latest