Connect with us

Editorial

ഒളി അജന്‍ഡ പുറത്ത് വരുന്നു

Published

|

Last Updated

മതം മാറ്റത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ ശിവഗിരി പ്രസ്താവനയോടെ ഘര്‍വാപസിയുടെ ലക്ഷ്യം മതപരിവര്‍ത്തന നിരോധ നിയമത്തിലേക്ക് വഴിയൊരുക്കലാണെന്ന വസ്തുത കൂടുതല്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കണമെന്നും മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ഗൗരവമായെടുക്കണമെന്നുമായിരുന്നു ശിവഗിരിയില്‍ തിര്‍ഥാടന സമ്മേളനം ഉദ്ഘാടന ചെയ്യവെ രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടത്. മുമ്പേതന്നെ സംഘ് പരിവാര്‍ സംഘടനകള്‍ ഉന്നയിച്ചുവരുന്ന ഒരാവശ്യമാണിത്. ഘര്‍വാപസിക്കെതിരെ വിമര്‍ശമുയര്‍ന്നപ്പോഴും ആര്‍ എസ് എസ് നേതാവ് ഭഗവത് പറഞ്ഞത് ഘര്‍വാപസി അംഗീകരിക്കാനാകില്ലെങ്കില്‍ മതംമാറ്റ നിരോധ ബില്ലിനെ പിന്തുണക്കാന്‍ രാജ്യം തയ്യാറാകട്ടെയെന്നായിരുന്നല്ലോ. ആഭ്യന്തര മന്ത്രി തന്നെ ഏറ്റുപിടിക്കുന്നതോടെ അതിന് കൂടുതല്‍ ആധികാരികത വൈകവരികയായി.
ഇന്ത്യയില്‍ ഹൈന്ദവമതത്തെ ശക്തിപ്പെടുത്തുകയാണ് ഘര്‍വാപസിയുടെ ലക്ഷ്യമെന്നാണ് സംഘ് പരിവാര്‍ അവകാശപ്പെട്ടിരുന്നത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഇവിടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമാണ് ഘര്‍വാപസിയെന്നുമായിരുന്നു ഭഗവതിന്റെ പ്രഖ്യാപനം. എണ്ണൂറ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ഡല്‍ഹി അരനൂറ്റാണ്ടത്തെ പോരാട്ട ഫലമായി ഹിന്ദുക്കള്‍ക്ക് തിരികെ കിട്ടിയ സാഹചര്യത്തില്‍ ലോകസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് വി എച്ച് പിയുടെ ലക്ഷ്യമെന്നായിരുന്നു അശോക് സിംഗാള്‍ പറഞ്ഞത്. ഇന്ത്യയില്‍ നിന്ന് ക്രൈസ്തവതയെയും ഇസ്‌ലാമിനെയും തുടച്ചുനീക്കുമെന്നും 2021 ഡിസംബര്‍ 31 ഇരു മതങ്ങളുടെയും ഇന്ത്യയിലെ അവസാന ദിനമായിരിക്കുമെന്നും മതംമാറ്റ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ധര്‍മ ജാഗരണ്‍ മഞ്ച് കണ്‍വീനര്‍ രാജേശ്വര്‍ സിംഗും അവകാശപ്പെട്ടിരുന്നു. ഇതു സാധ്യമാകണമെങ്കില്‍ ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യവും സ്വമേധയാ മതം മാറാനുള്ള അവകാശവും നിലനില്‍ക്കണം. മതം മാറ്റം നിയമപരമായി നിരോധിച്ചാല്‍ ഹിന്ദുമതത്തില്‍ നിന്ന് മറ്റു മതങ്ങളിലേക്ക് പോയവരെ എങ്ങനെ തിരിച്ചുകൊണ്ടുവരും? ഹൈന്ദവ മതത്തിലേക്കുള്ള മടക്കമെന്ന പേരില്‍ നാടൊട്ടുക്കും മതംമാറ്റ ക്യാമ്പുകള്‍ സംഘടിപ്പിച്ചു സമാധാനാന്തരീക്ഷം തകര്‍ക്കുക. അതുവഴി പൊതുസമൂഹത്തില്‍ മതപരിവര്‍ത്തനത്തിനെതിരായ വികാരം ശക്തിപ്പെടുത്തുകയും ഇതിലൂടെ മതമാറ്റ നിരോധനിയമത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഹിഡന്‍ അജന്‍ഡ.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്ക് നടക്കുന്നത് ഹിന്ദുമതത്തില്‍ നിന്നാണെന്നത് അനിഷേധ്യമാണ്. ഇസ്‌ലാമിലേക്കും ക്രിസ്തുമതത്തിലേക്കുമെന്ന പോലെ ബുദ്ധ മതത്തിലേക്കും ധാരാളം പേര്‍ പരിവര്‍ത്തനം ചെയ്യുന്നുണ്ട്. ഹിന്ദുത്വ അജണ്ടയില്‍ ഊന്നി വി എച്ച് പിയും മറ്റ് തീവ്ര ഹിന്ദു സംഘടനകളും ക്രൈസ്തവരെയും മുസ്‌ലംകളെയും പുനര്‍പരിവര്‍ത്തനം നടത്തുമ്പോള്‍ ഒ ബി സി വിഭാഗക്കാര്‍ക്കിടയില്‍ കൂടുതല്‍ ബുദ്ധമത പ്രചാരണമാണ് നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ 1600 കുടുംബങ്ങളില്‍ നിന്നുള്ള 6500 ഹിന്ദുക്കള്‍ അടുത്തിടെ ബുദ്ധമതത്തിലേക്ക് മാറുകയുണ്ടായി. 2016 ഒക്ടോബറോടെ അഞ്ച് ലക്ഷം ഹൈന്ദവരെ തിരിച്ചുകൊണ്ടുവരുമെന്നാണ് രാജ്യത്തെ ബുദ്ധമത നേതൃത്വം പ്രഖ്യാപിച്ചത്. ഈ കൊഴിഞ്ഞു പോക്ക് ഹിന്ദുത്വവാദികളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. പുനഃപരിവര്‍ത്തനത്തിലൂടെ ഇതിന് തിരിച്ചടി നല്‍കാമെന്നത് കേവലം വ്യാമോഹമാണെന്നവര്‍ക്കറിയാം. ജാതി സമ്പ്രദായവും അയിത്തവും സതിയും പോലുള്ള പ്രാകൃത വിശ്വാസങ്ങളും ചടങ്ങുകളും ഇപ്പോഴും നിലനില്‍ക്കുന്ന ഒരു മതത്തിലേക്ക് ആളുകളെ പരിവര്‍ത്തിപ്പിക്കുക പ്രയാസമാണ്. മറ്റു മതങ്ങളിലേക്കുള്ള ഹൈന്ദവരുടെ പരിവര്‍ത്തനത്തിന് മുഖ്യകാരണം തന്നെ ഇത്തരം ആചാരങ്ങളാണ്. തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തുകാര്‍ കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നു വന്നത് മേല്‍ജാതിക്കാരുടെ അയിത്തവും പീഡനവും ജാതിവേര്‍തിരിവും സഹിക്ക വയ്യാതെയായിരുന്നല്ലോ. ഹിന്ദുമതത്തിലേക്കും പരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തുന്ന മതംമാറ്റ മേളകള്‍ക്ക് പിന്നിലെ തട്ടിപ്പുകളും കള്ളക്കളികളും ഇതിനകം വ്യക്തമായിക്കഴിഞ്ഞതുമാണ്. മാത്രമല്ല, ഘര്‍വാപസിയിലൂടെ രാജ്യത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കാമെന്ന അവരുടെ കണക്കുകൂട്ടലും പിഴച്ചു. മറ്റു സമുദായക്കാര്‍ വളരെ കരുതലോടെയും സമചിത്തതയോടെയുമാണ് ഈ നാടകത്തോട് പ്രതികരിച്ചത്.
ഘര്‍വാപസിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് മതംമാറ്റം നിരോധിക്കണമെന്ന് ചില മതേതര കക്ഷികളും പ്രസ്ഥാനങ്ങളും ആവശ്യപ്പെടുന്നത് ഹിന്ദുത്വ ശക്തികളുടെ ഒളിഅജന്‍ഡ മനസ്സിലാക്കാത്തതു കൊണ്ടായിരിക്കണം. ഇഷ്ടമുള്ള മതത്തിലേക്ക് മാറാനുള്ള പൗരന്മാരുടെ അവകാശം ഭരണഘടനാ ദത്തമാണ്. അത് നിരോധിക്കാനുള്ള ഏത് ശ്രമത്തേയും ശക്തമായി ചെറുക്കണം. ആശയാധിഷ്ഠിതമായതും സ്വമനസ്സാലെയുള്ളതുമായ മതംമാറ്റത്തിനുള്ള അവകാശം രാജ്യത്ത് നിലനില്‍ക്കണം. ഇതടിസ്ഥാനത്തില്‍ മറ്റുമതക്കാരെ മതം മാറ്റാന്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് സാധിക്കുെമങ്കില്‍ അവര്‍ അത് നടത്തട്ടെ. ഇതര മതങ്ങള്‍ക്കും അതിനുള്ള അവകാശം വകവെച്ചു കൊടുക്കാനുള്ള സന്മനസ്സുണ്ടാകണമെന്നു മാത്രം.

---- facebook comment plugin here -----

Latest