Connect with us

Kerala

റോജി റോയിയുടെ ആത്മഹത്യ: കോളജിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: കിംസ് നഴ്‌സിംഗ് കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി റോജി റോയി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കോളജിനും അധികൃതര്‍ക്കുമെതിരെ പോലീസ് റിപ്പോര്‍ട്ട്. റോജി റോയിക്കെതിരെ ഉയര്‍ന്ന റാഗിംഗ് പരാതി കൈകാര്യം ചെയ്യുന്നതിലുണ്ടായ ഗുരുതരമായ പിഴവാണ് വിദ്യാര്‍ഥിനിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് കാണിച്ച് നഴ്‌സിംഗ് കൗണ്‍സിലിന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. കിംസ് നഴ്‌സിംഗ് കോളജിന്റെ വട്ടിയൂര്‍ക്കാവിലെ ഹോസ്റ്റലിലുണ്ടായ സംഭവങ്ങളാണ് റോജി റോയിയുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ചത്. ജൂനിയര്‍ വിദ്യാര്‍ഥികളോട് പേര് ചോദിച്ച് ആക്ഷേപിക്കും വിധം സംസാരിച്ചു, കൂടാതെ തുറിച്ചുനോക്കുന്നു എന്നിങ്ങനെ രണ്ട് കാര്യങ്ങളാണ് റോജിക്കെതിരെ പരാതിയായി ഉയര്‍ന്നത്.
തുടക്കത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ ഇടപെടലിലൂടെ വിഷയം ഒത്തുതീര്‍ത്തെങ്കിലും, പിന്നീട് കോളജ് വൈസ് പ്രിന്‍സിപ്പലും ക്ലാസ് കോ-ഓര്‍ഡിനേറ്ററും ഇടപെട്ട് റാഗിംഗ് പരാതിയായി എഴുതി വാങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ റോജിയെ കിംസ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരുടെ മുന്നില്‍വച്ച് പരുഷമായി ചോദ്യംചെയ്യുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്.
സ്വന്തം ഭാഗം വിശദീകരിക്കാന്‍ അനുവദിക്കാതെ റോജിക്ക് സാമാന്യനീതി നിഷേധിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോളജ് അധികൃതര്‍ കണ്ണുകാണാനും ചെവികേള്‍ക്കാനും വയ്യാത്ത തന്റെ മാതാപിതാക്കളെ കോളജിലേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചത് റോജിക്ക് താങ്ങാനായില്ല. തൊട്ടുപിന്നാലെയാണ് ആശുപത്രി കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറി റോജി ജീവനൊടുക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന റോജി റോയി നന്നായി പാട്ടും പാടുമായിരുന്നു. ഹോസ്റ്റലിലും കോളജിലും ഇത്തരത്തില്‍ നല്ല അഭിപ്രായമുള്ള കുട്ടിയെക്കുറിച്ച് പരാതി ഉണ്ടായപ്പോള്‍ കോളജ് അധികൃതര്‍ വേണ്ട ജാഗ്രതയിലല്ല വിഷയം കൈകാര്യം ചെയ്തത്. പരാതിയുടെ പേരില്‍ തന്നെ പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കില്ലെന്ന് റോജി ഭയന്നിരുന്നു. ഇത്തരത്തില്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സ്ഥിതി ഉണ്ടായാല്‍ ജീവനൊടുക്കും എന്ന് റോജി പറഞ്ഞിരുന്നുവെന്നും ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോളജിനെ പ്രതിസ്ഥാനത്താക്കി വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് പോലീസ് മെഡിക്കല്‍ കൗണ്‍സിലിന് സമര്‍പ്പിച്ചത്. റോജിയുടെ മരണത്തെക്കുറിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.