Connect with us

National

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 24 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക കോണ്‍ഗ്രസ് പൂറത്തിറക്കി. നിലവിലെ എട്ട് എം എല്‍ എമാര്‍ക്കും വീണ്ടും സീറ്റ് അനുവദിച്ചിട്ടുണ്ട്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും രണ്ടാംസ്ഥാനത്തെത്തുകയും ചെയ്ത മറ്റ് 12 പേരും സ്ഥാനാര്‍ഥി പട്ടികയിലിടം പിടിച്ചിട്ടുണ്ട്. നിയമസഭയുടെ അംഗബലം 70 ആണ്. തിരഞ്ഞെടുപ്പ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

സ്ഥാനാര്‍ഥി പ്രഖ്യാപനം ഇരുപത്തിനാലാം മണിക്കൂറിലേക്ക് നീണ്ടുപോകുന്ന അവസ്ഥയില്‍ നിന്നും കോണ്‍ഗ്രസ് ഇത്തവണ നേരത്തെതന്നെ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധപ്പെടുത്തിയത് സ്ഥാനാര്‍ഥികള്‍ക്ക് സമ്മതിദായകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഏറെ സമയം ലഭിക്കും.
2013ലെ അവസാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്തപ്രഹരമാണ് കിട്ടിയത്. ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ 15 വര്‍ഷം നീണ്ട ഭരണത്തിന് അറുതി വന്നപ്പോള്‍ നേട്ടമായത് ആം ആദ്മി പാര്‍ട്ടിക്കാണ്. ദീക്ഷിതിന്റെ സ്വന്തം മണ്ഡലമായ ന്യൂഡല്‍ഹിയില്‍ അവര്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.
പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് ഷീലാ ദീക്ഷിതിന് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും, ദീക്ഷിത് മത്സരത്തിനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും, എന്നാല്‍ കോണ്‍ഗ്രസിനായി അവര്‍ സജീവമായി പ്രചാരണ രംഗത്തുണ്ടായിരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ പ്രധാന പുതുമുഖം മുന്‍ ഡല്‍ഹി മേയര്‍ സത്ബീര്‍ സിംഗാണ്. മെഹറൊലിയിലാണ് അദ്ദേഹം മത്സരിക്കുക. സച്ചിന്‍ ബിധുരി തുഗ്ലക്കാബാദില്‍ മത്സരിക്കും.
അഞ്ചുതവണ എം എല്‍ എയായിരുന്ന ഷോയിബ് ഇഖ്ബാല്‍ തന്റെ സ്ഥിരം മണ്ഡലമായ മതിയമഹലില്‍ തന്നെ മത്സരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ജെ ഡി യു ടിക്കറ്റില്‍ മത്സരിച്ച ഷോയിബ് ഇഖ്ബാല്‍ നവംബര്‍ 20ന് കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി. മതിയമഹലില്‍ തന്നെ അദ്ദേഹം മത്സരിക്കും.
പി സി സി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി, മുന്‍ മന്ത്രി ഹരുണ്‍ യൂസഫ്, ദേവേന്ദ്ര യാദവ്, ജയ്കിഷന്‍, പ്രഹഌദ് സിംഗ് സവാനി, അസിഫ് മുഹമ്മദ് ഖാന്‍, മതീന്‍ അഹമദ്, ഹസന്‍ അഹമദ് , കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഹസന്‍ അഹ്മദ് എന്നിവര്‍ വീണ്ടും ജനവിധിതേടുന്നു. നാലുതവണ വിജയിച്ച ലൗലി സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്‍ തന്നെയാണ് മത്സരിക്കുന്നത്. അഞ്ചു തവണ നിയമസഭാംഗമായിട്ടുള്ള യൂസഫ് ബല്ലിമാരനില്‍ മത്സരിക്കും.ജയ്കിഷന്‍ സുല്‍ത്താന്‍പൂര്‍ മാജ്‌റയിലും സവാനി ചാന്ദ്‌നിചൗക്കിലും, അസിഫ് മുഹമ്മദ് ഖാന്‍ ഒഖ്‌ലയിലും മതീന്‍ അഹ്മദ് സീലംപൂരിലും, ഹസന്‍ മുസ്തഫാബാദിലും മത്സരിക്കും.