Connect with us

Gulf

ടൈപിംഗ് സെന്ററുകളില്‍ മോഷണം; ഉടമകള്‍ ആശങ്കയില്‍

Published

|

Last Updated

ഷാര്‍ജ: യര്‍മൂക്കില്‍ ടൈപിംഗ് സെന്ററുകളില്‍ മോഷണം പതിവാകുന്നു. ലേബര്‍ ഓഫീസിനു സമീപത്തെ ടൈപിംഗ് സെന്ററുകളിലാണ് മോഷണം. കഴിഞ്ഞ ഏതാനും മാസത്തിനിടെ അഞ്ച് ടൈപിംഗ് സെന്ററുകളിലാണ് മോഷണം അറങ്ങേറിയത്.

മലയാളിയായ എം എ ലത്വീഫിന്റെ ഉടമസ്ഥതയിലുള്ള അല്‍-അത്‌ലാല്‍ ടൈപിംഗ് സെന്ററില്‍ രണ്ടുതവണയാണ് മോഷണം നടന്നത്. ഏതാനും മാസങ്ങള്‍ക്കിടെയായിരുന്നു മോഷണം. ഇവിടെ നിന്നു പണം നഷ്ടപ്പെട്ടു. പാക്കിസ്ഥാനിയുടെ ഉടമസ്ഥതയിലുള്ള ടൈപിംഗ് സെന്ററില്‍ നിന്നും പണം കവര്‍ന്നു.
മറ്റുള്ളവയില്‍ മോഷണ ശ്രമമായിരുന്നു. ഇവ മലയാളികളുടെതാണ്. ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് മോഷണം നടന്ന ടൈപിംഗ് സെന്ററുകള്‍. മുന്‍ഭാഗത്തേ ഗ്ലാസുകള്‍ തകര്‍ത്താണ് അകത്ത് കടക്കുന്നത്. മേശ വലിപ്പിനകത്തും മറ്റും സൂക്ഷിക്കുന്ന പണമാണ് കൈവശപ്പെടുത്തുന്നത്. ഇവയ്‌ക്കൊന്നും ഷട്ടറുകളില്ലായിരുന്നു. എയര്‍ കണ്ടീഷണറുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതിനാല്‍. ഷട്ടറുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തസ്ഥിതിയാണ്. ഇത് മോഷ്ടാക്കള്‍ക്കു ഗുണകരമാകുന്നു.
മോഷണം പെരുകിയതോടെ ആശങ്കയിലായ ഉടമകള്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്കു ഷട്ടറുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. അല്‍ അത്‌ലാല്‍ ടൈപിംഗ് സെന്ററിന്റെ മോഷ്ടാവ് തകര്‍ത്ത ഗ്ലാസും മറ്റും മാറ്റിപുതിയവ സ്ഥാപിക്കാനും മറ്റുമായി ഏകദേശം 15,000 ഓളം ദിര്‍ഹം ചിലവായതായി ഉടമ എം എ ലത്വീഫ് പറഞ്ഞു. മുതല്‍ നഷ്ടപ്പെടുന്നതിനു പുറമെ മോഷണം മൂലം അധികച്ചിലവും ഉണ്ടായതായി ലത്വീഫ് വ്യക്തമാക്കി. ജോലികള്‍ കുറവായതിനാല്‍ ടൈപിംഗ് സെന്ററുകള്‍ പൊതുവെ പ്രതിസന്ധിയിലാണ്. പലതും അടച്ചുപൂട്ടേണ്ട വക്കിലെത്തിയിട്ടുണ്ട്. പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് പലരും. ഉടമകളില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. ഭാരിച്ച വാടകയും മറ്റു ചിലവുകള്‍ക്കും പുറമെ കര്‍ശന നിയന്ത്രണമാണ് ടൈപിംഗ് സെന്ററുകളെ പ്രതിസന്ധിയിലായിക്കിയത്.
ജോലിക്കാരിലേറെയും മലയാളികളാണ്. കൃത്യമായി അവര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പറ്റാത്തസ്ഥിതിയാണുണ്ടായിട്ടുള്ളതെന്നും ഒരു ഉടമസ്ഥന്‍ പറഞ്ഞു. ഇതിനിടെയാണ് മോഷണ പരമ്പര.