Connect with us

Gulf

മലയാളിയുടെ നിയന്ത്രണത്തിലുള്ള കമ്പനി കോടികളുമായി മുങ്ങി

Published

|

Last Updated

അബുദാബി: മലയാളികളുടെ നിയന്ത്രണത്തിലുള്ള കമ്പനി കോടികളുമായി മുങ്ങിയെന്ന് പരാതി. ദുബൈ ശൈഖ് സായിദ് റോഡില്‍ ജനറല്‍ ട്രേഡിംഗ് കമ്പനിയാണ് ഇരുപതോളം പേരെ കബളിപ്പിച്ച് കോടികളുമായി കടന്ന് കളഞ്ഞത്.

മഞ്ഞള്‍ പൊടി മുതല്‍ ഡീസല്‍ വരെ വ്യാപാരം നടത്തിയവര്‍ ഓരോ ഇടപാടുകാര്‍ക്കും ഒരു ലക്ഷം ദിര്‍ഹമിന് മുകളിലാണ് നല്‍കാനുള്ളത്. തുടക്കത്തില്‍ ക്യാഷ് കച്ചവടം നടത്തിയ ഇവര്‍ വിശ്വാസം ആര്‍ജിച്ചതിന് ശേഷമാണ് കബളിപ്പിച്ചത്. കബളിപ്പിക്കപ്പെട്ടവരില്‍ ഏറെയും മലയാളികളാണ്.
ദുബൈയിലെ അറിയപ്പെട്ട ക്യാമറ വ്യാപാരിയായ ഇടുക്കി സ്വദേശി മിഥുന് ലഭിക്കാനുള്ളത് 98,550 ദിര്‍ഹമാണ്. മിഥുനെ പോലെ ദുബൈ അബുദാബി എന്നിവിടങ്ങളിലുള്ള നിരവധി പേര്‍ വഞ്ചിക്കപ്പെട്ടു.
ആദ്യം മുന്‍കൂര്‍ പണം നല്‍കിയായിരുന്നു വ്യാപാരമെങ്കില്‍ പിന്നീട് ചെക്ക് വഴിയായി. വലിയ തുക കുടിശ്ശിക വരുത്തിയതിന് ശേഷമാണ് ചെക്കിന്റെ തിയ്യതിക്ക് ഒരു ദിവസം മുമ്പ് ഓഫീസ് അടച്ച് പൂട്ടി മുങ്ങിയതെന്ന് മിഥുന്‍ പറഞ്ഞു.
ഡീസല്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, ഉപ്പ്, ക്യാമറ, ഓയില്‍ എന്നിവയാണ് ഇവരുടെ പ്രധാന ഇടപാട്. തൃശൂര്‍ സ്വദേശിയാണ് പ്രധാനി. മലയാളികളായത് കൊണ്ട് കൂടുതല്‍ അവിശ്വസിച്ചില്ലെന്ന് കബളിപ്പിക്കപ്പെട്ട ഹമീദ് പറഞ്ഞു. ഇടപാടുകാരോട് വ്യത്യസ്ഥ പേരുകളാണ് ഇവര്‍ പറഞ്ഞത്.
മലയാളിയുടെ നിയന്ത്രണത്തിലെ കമ്പനി കൂടാതെ ബംഗളൂരു സ്വദേശിയായ യൂനുസിന്റെ നിയന്ത്രണത്തില്‍ ദേരയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയും നിരവധി പേരെ കബളിപ്പിച്ച് മുങ്ങിയിട്ടുണ്ട്. മലയാളിയുടെ നിയന്ത്രണത്തിലുള്ള കമ്പനിക്കും യൂനുസിന്റെ നിയന്ത്രണത്തിലുള്ള കമ്പനിക്കും പിന്നില്‍ ഒരേ ആളുകളാണെന്നാണ് വിവരം. ബംഗളൂരു സ്വദേശി യൂനുസിനെതിരെയും തൃശൂര്‍ സ്വദേശിക്കെതിരെയും ഇടപാടുകാര്‍ ദുബൈയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ഇന്റര്‍പോളിനും പരാതി നല്‍കിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി