Connect with us

Wayanad

മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദിവാസി സംഘടനകളുടെ പിന്തുണ

Published

|

Last Updated

കല്‍പ്പറ്റ: മാവോയിസ്റ്റുകള്‍ക്കും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആദിവാസിവിഭാഗ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണ.
കലക്ടറേറ്റില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിവിധ സംഘടനാ പ്രതിനിധികള്‍ പിന്തുണയറിയിച്ചത്. ആദിവാസി വിഭാഗങ്ങളുടെ സംസ്‌ക്കാരവും പാരമ്പര്യവും തീവ്രവാദ ഗ്രൂപ്പുകളോട് അനുഭാവം പുലര്‍ത്തുന്നതല്ലെന്നതിനാല്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്കും മറ്റ് വിധ്വംസക സംഘടനകള്‍ക്കും യാതൊരുവിധ സഹായവും ലഭിക്കില്ലെന്നും അവര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.
ആദിവാസികള്‍ അംഗീകൃത സംഘടനകളുടെയോ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെയോ ഭാഗമാണ്. അംഗീകൃത സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ആദിവാസി കോളനികളില്‍ ജാഗ്രതാസമിതികളുണ്ടാക്കി കോളനികളില്‍ ബോധവത്ക്കരണം നടത്താനും തീരുമാനമായി.
ആദിവാസികളുടെ പിന്നാക്കാവസ്ഥ മുതലെടുത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഈ മേഖലകളില്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ അടിയന്തിരമായി പരിഹരിക്കും. ഇതിനായി ആദിവാസി സംഘടനകള്‍, പോലീസ്, ഭരണകൂടം എന്നിവയുടെ ഏകോപനം സാധ്യമാക്കും. എല്ലാ മാസവും മൂന്നാമത്തെ തിങ്കളാഴ്ച ആദിവാസി സംഘടനാ പ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ ചേരും. എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച കോളനിമിത്രം പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടറുടെയും ജനപ്രതിനിധികളുടെയും ജില്ലാതല ഉദേ്യാഗസ്ഥരുടെയും സംഘം കോളനികളില്‍ സന്ദര്‍ശനം നടത്തി അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും.
ജില്ലയിലെ ഉദേ്യാഗസ്ഥര്‍ കാര്യക്ഷമമായും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. ഇതിനായി പ്രതേ്യക മോണറ്ററിംഗ് സംവിധാനം ഉണ്ടാക്കും. പദ്ധതി നിര്‍വ്വഹണത്തിലും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും മറ്റും വീഴ്ച വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. 19,000 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തും. ആദിവാസികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്ത് അവരുടെ സ്വത്തും ഭൂമിയും കൈവശപ്പെടുത്തുന്നത് തടയുന്നതിന് ശക്തമായ നിയമ നിര്‍മ്മാണം നടത്തും.
ആറളം, ഇടമലക്കുടി എന്നിവിടങ്ങളില്‍ ട്രൈബല്‍ പഞ്ചായത്തുകള്‍ രൂപീകരിക്കും. നൂറ് ശതമാനം ആദിവാസികളുള്ള ഊരുകള്‍ ആദിവാസി ഊരുകളായി പ്രഖ്യാപിച്ച് പ്രതേ്യക പദ്ധതി നടപ്പാക്കും.
കരിന്തണ്ടന്‍ സ്മാരകം നിര്‍മ്മിക്കണമെന്ന ആദിവാസി വിഭാഗങ്ങളുടെ ദീര്‍ഘകാല അഭിലാഷം ജില്ലാഭരണകൂടം സ്ഥലം നല്‍കിയാല്‍ ടൂറിസം വകുപ്പ് യാഥാര്‍ഥ്യമാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു. എം.ഐ.ഷാനവാസ് എം.പി, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാപോലീസ് മേധാവി പുട്ട വിമലാദിത്യ, എ ഡി എം. പി വി ഗംഗാധരന്‍, നഗരസഭാ അദ്ധ്യക്ഷന്‍ പി.പി. ആലിതുടങ്ങിയവരും വിവിധ ആദിവാസി സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.