Connect with us

National

അതിര്‍ത്തിയില്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക് വെടിവയ്പ്പ്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ 13 ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ പാക് ആക്രമണം. കഴിഞ്ഞ ദിവസം പ്രകോപനമില്ലാതെ പാക് സൈന്യം നടത്തിയ ആക്രമണത്തിലുള്ള തിരിച്ചടിയായി ഇന്ത്യന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ നാല് പാക് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. പാക് ആക്രണത്തില്‍ ഒരു ഇന്ത്യന്‍ ജവാനും കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള സാംബാ സെക്ടറിലെ ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ബി എസ് എഫ് ഐ ജി രാകേശ് ശര്‍മ പറഞ്ഞു. പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചു. പരസ്പര വെടിവെപ്പ് ഇന്നലെ രാവിലെ വരെ തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ആര്‍ക്കും ആളപായമില്ലെന്ന് ഐ ജി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സൈന്യം റീഗല്‍ പോസ്റ്റിന് നേരെ നടത്തിയ ആക്രമണത്തിലാണ് ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടത്. അതേസമയം പാക് ആക്രമണത്തെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാലിക്കേണ്ട മര്യാദകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചിരിക്കുകയാണെന്ന് ബി എസ് എഫ് ഐ ജി രാകേഷ് ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരത്തിലുള്ള ലംഘനങ്ങളില്‍ നിന്ന് പാക്കിസ്ഥാന്‍ മാറിനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
നയതന്ത്രതല ഉദ്യോഗസ്ഥര്‍ പരസ്പരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. സാധാരണ നില ഉടന്‍ പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അതേസമയം അതിര്‍ത്തിയില്‍ അറുപതോളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തിരിക്കുന്നതായി ബി എസ് എഫ് ഐ ജി ശര്‍മ വ്യക്തമാക്കി.അതിര്‍ത്തിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച 170 ഓളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഊഴം കാത്ത് കഴിയുന്നതായി ശ്രീനഗറിലെ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്. ജനറല്‍ സുബത്രാ സാഹ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഞ്ഞും പ്രതികൂല കാലാവസ്ഥയുമാണ് തീവ്രവാദികളെ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് പ്രതിരോധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കനത്ത മഞ്ഞുള്ള സമയങ്ങളില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാനുള്ള പാക് തീവ്രവാദികളുടെ ശ്രമം നിരവധി തവണ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു.

Latest