Connect with us

Kozhikode

കവികള്‍ തോല്‍ക്കുമെന്നുറപ്പുള്ള കേസ് വാദിക്കുന്നവര്‍: എം ടി

Published

|

Last Updated

കോഴിക്കോട്: ലോക മനസ്സാക്ഷിയുടെ കോടതിയില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ള കേസുകള്‍ വാദിക്കുന്നവരാണ് കവികളെന്ന് എം ടി വാസുദേവന്‍ നായര്‍. കവിയായി തീരുന്നവര്‍ തോല്‍ക്കുന്നവര്‍ക്കുവേണ്ടി വാദിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇതുവരെ എഴുതിയതൊന്നും താനല്ലെന്നും മറ്റാരോ എഴുതിപ്പിച്ചതാണെന്നും വിശ്വസിക്കുന്ന കവിയാണ് അക്കിത്തമെന്നും എം ടി അഭിപ്രായപ്പെട്ടു. മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ മൂന്ന് ബൃഹദ് വാള്യങ്ങള്‍ പോലീസ് ക്ലബ്ബില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ശകാരിച്ചവരെയും വിമര്‍ശിച്ചവരെയും കുറിച്ച് ഒരുവിധ രോഷവും പ്രകടിപ്പിക്കാതെ നല്ല വാക്കുകള്‍ മാത്രം പറയുന്ന കവിശ്രേഷ്ഠനാണ് അക്കിത്തം. അക്കിത്തത്തിന്റെ ശ്ലോകങ്ങള്‍ പഠിച്ചാണ് തന്റെ കുട്ടിക്കാലം മുന്നോട്ടുപോയതെന്ന് എം ടി കൂട്ടിച്ചേര്‍ത്തു. സിവിക് ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. കവി പി പി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. പി എം നാരായണന്‍, ദേശമംഗലം രാമകൃഷ്ണന്‍, പി ദാമോദരന്‍, പ്രതാപന്‍ തായാട്ട്, കാവില്‍ പി മാധവന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍, ഇ ആര്‍ ഉണ്ണി സംസാരിച്ചു. അക്കിത്തം മറുപടി പ്രസംഗം നടത്തി. എം ടി വാസുദേവന്‍ നായരെക്കുറിച്ച് 11 പുസ്തകങ്ങള്‍ ഒരേസമയം പ്രസിദ്ധീകരിച്ച ഹരിതം ബുക്‌സിന്റെ എം ടി അനുയാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് അക്കിത്തത്തിന്റെ ലേഖനസമാഹാരം പ്രകാശനം ചെയ്തത്.

Latest