Connect with us

Kozhikode

ദീര്‍ഘദൂര യാത്രക്ക് കെ എസ് ആര്‍ ടി സി 'സിറ്റി ടു സിറ്റി' ബസ് വരുന്നു

Published

|

Last Updated

കൊടുവള്ളി: ദീര്‍ഘദൂര യാത്രക്കാരെ പരിഗണിച്ച് കെ എസ് ആര്‍ ടി സി പുതിയ ബസ് സര്‍വീസിന് തുടക്കം കുറിക്കുന്നു. കോഴിക്കോട്- വയനാട് റൂട്ടില്‍ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കാണ് പുതിയ “സിറ്റി ടു സിറ്റി” സര്‍വീസുകള്‍ തുടങ്ങുക. ഇതുകൂടാതെ യൂനിറ്റുകള്‍ക്ക് പുറമെ താമരശ്ശേരി, കോഴിക്കോട്, തിരുവമ്പാടി യൂനിറ്റുകളില്‍ നിന്നും പുതിയ സര്‍വീസ് നടത്തും.
കോഴിക്കോട്, കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, വൈത്തിരി, ചുണ്ടേല്‍, കല്‍പ്പറ്റ, കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍, മാനന്തവാടി റൂട്ടില്‍ കമ്പളക്കാട്, പച്ചിലക്കാട്, പനമരം, നാലാംമൈല്‍, മാനന്തവാടി എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകളുണ്ടായിരിക്കുക. സുല്‍ത്താന്‍ബത്തേരി റൂട്ടില്‍ കല്‍പ്പറ്റ സിവില്‍ കഴിഞ്ഞാല്‍ മുട്ടില്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി എന്നീ അങ്ങാടികളിലും സ്റ്റോപ്പുകള്‍ ഉണ്ടാകും.
കോഴിക്കോട്- വയനാട് റൂട്ടില്‍ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി യൂനിറ്റുകളിലേക്ക് ഇപ്പോള്‍ 45ഓളം ടൗണ്‍ ടു ടൗണ്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഓരോ യൂനിറ്റ് അധികാരികളും അഞ്ച് മുതല്‍ എട്ട് വരെ “സിറ്റി ടു സിറ്റി” സര്‍വീസുകള്‍ ആരംഭിക്കാനാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്.
ഇത് സംബന്ധമായ വിവിധ യൂനിറ്റ് അധികാരികളുടെ നിര്‍ദേശമനുസരിച്ച് കോഴിക്കോട് സോണല്‍ ഓഫീസ് അധികൃതര്‍ രൂപരേഖ തയ്യാറാക്കി അംഗീകാരത്തിനായി മാനേജിംഗ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന് സമര്‍പ്പിച്ചിരിക്കയാണ്. അവരുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് രണ്ട് മാസത്തിനകം “സിറ്റി ടു സിറ്റി” സര്‍വീസുകള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ പറഞ്ഞു.

Latest