Connect with us

Malappuram

മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റില്ല; തിരൂരില്‍ പാസ്‌പോര്‍ട്ട് സേവാ ഉപകേന്ദ്രമില്ല

Published

|

Last Updated

മലപ്പുറം: രാജ്യത്തെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന മലപ്പുറത്ത് നിന്ന് പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റുന്നതിനുള്ള യാതൊരു നീക്കവുമില്ലെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുക്‌ദേശ് കെ പര്‍ദേശി പറഞ്ഞു.
എന്നാല്‍ തിരൂരില്‍ പാസ്‌പോട്ട് സേവാഉപകേന്ദ്രം തുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മലപ്പുറത്ത് എത്തിയതായിരുന്നു അദ്ദേഹം.
കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസുമായി മലപ്പുറത്തെ ലയിപ്പിക്കുമെന്ന ആശങ്കയാണ് ഇതോടെ അകന്നത്. പാസ്‌പോട്ടിലെ തെറ്റുകള്‍ അടക്കമുള്ളവ തിരുത്താന്‍ പാസ്‌പോര്‍ട്ട് ഓഫീസിനെ ആശ്രയിക്കണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരും പ്രവാസികളുമുള്ള ജില്ലയോടുള്ള അധികൃതരുടെ പ്രതികൂല സമീപനത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു, കേരളത്തില്‍ ഇത്തവണ പത്ത് ലക്ഷം പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കപ്പെട്ടപ്പോള്‍ ഇതില്‍ രണ്ടുലക്ഷവുമായി മലപ്പുറമാണ് മുന്നില്‍.
നിലവില്‍ മലപ്പുറം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് കീഴിലുള്ള പാലക്കാട് ജില്ലയെ ജനുവരി മുതല്‍ തൃശൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രപരിധിയില്‍ ഉള്‍പ്പെടുത്തും. ഇതോടെ മലപ്പുറത്തെ തിരക്ക് കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ദിവസം ശരാശരി 350 അപേക്ഷകളാണ് പാലക്കാട്ട് നിന്നുള്ളത്. തൃശൂര്‍ സേവാകേന്ദ്രത്തില്‍ താരതമ്യേന അപേക്ഷകര്‍ കുറവാണ്. മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിലവില്‍ ദിവസം 1200 അപേക്ഷകളാണ് പരിഗണിക്കുന്നത്. ഇതില്‍ 1000 സാധാരണ അപേക്ഷകളും 200 എമര്‍ജന്‍സിയുമാണ്.
നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ അപ്പോയിന്റ്‌മെന്റ് കിട്ടണമെങ്കില്‍ ഒരു മാസത്തിലേറെ കാത്തിരിക്കണം. ശേഷം സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് ഒരുമാസം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. കോഴിക്കോട് ജില്ലയില്‍ ഇതു പരമാവധി ഒരാഴ്ചയാണ്.
പോലീസ് വെരിഫിക്കേഷനും ശരാശരി 35 ദിവസവുമെടുക്കുന്നതോടെ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ രണ്ടുമാസത്തിലധികം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. മലപ്പുറത്തെ അപേക്ഷകളുടെ ബാഹുല്യമാണ് ഇതിനുകാരണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.
വെബ്‌സൈറ്റിലൂടെ ഇട നിലക്കാരില്ലാതെ ആര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. സ്വയം അപേക്ഷിക്കാനറിയാത്തവര്‍ അക്ഷയകേന്ദ്രങ്ങളിലൂടെ മാത്രം അപേക്ഷിക്കുക. നൂറുരൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. ഏജന്‍സികള്‍ ഇരട്ടിയിലധികം തുകയാണ് അപേക്ഷക്കെന്ന പേരില്‍ ഇവര്‍ ഈടാക്കുന്നത്. സേവാകേന്ദ്രത്തിലെ തിരക്ക് കുറയാന്‍ പ്രായമായവരുടെയും കുട്ടികളുടെയും കൂടെ മാത്രം സഹായികള്‍ എത്തിയാല്‍ മതി. ഒരാള്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ കുടുംബ സമേതം വരുന്നത് ഒഴിവാക്കണം.
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ ഏജന്‍സികളുടെ സ്വാധീനവുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല.
അപേക്ഷകര്‍ ഏജന്‍സികളുടെ വലയില്‍ അകപ്പെടുന്നത് അവബോധക്കുറവുമൂലമാണെന്നും ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

Latest