Connect with us

Malappuram

നടുറോഡില്‍ ബൈക്കുകളില്‍ അഭ്യാസം നടത്തിയ വിദ്യാര്‍ഥികളെ പിടികൂടി

Published

|

Last Updated

പെരിന്തല്‍മണ്ണ: വാഹനം ഓടിക്കുന്നതിനുള്ള പ്രായമോ ലൈസന്‍സോ ഇല്ലാതെ മോട്ടോര്‍ സൈക്കിളില്‍ വിവിധ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയിരുന്ന വിദ്യാര്‍ഥികളെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. ഇവര്‍ ഓടിച്ചിരുന്ന 12 ഓളം മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തു. അഭ്യാസങ്ങള്‍ക്ക് കൊഴുപ്പേകാന്‍ രണ്ടും മൂന്നും സുഹൃത്തുക്കളെ കൂടി പിറകിലിരുത്തിയാണ് പ്രകടനം നടത്തിയിരുന്നത്. ഉടമസ്ഥരാരെന്നറിയാതെ ബൈക്കുകളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പോലും പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങളാണ് ഇവയിലധികവും. ഹെല്‍മറ്റ് ധരിക്കാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വാഹനമോടിച്ചിരുന്നവരും കൂട്ടത്തില്‍ പിടിയിലായിട്ടുണ്ട്. സ്‌കൂള്‍ – കോളജ് കോമ്പൗണ്ടുകളില്‍ ബൈക്കുകളോ മറ്റു വാഹനങ്ങളോ പാര്‍ക്കു ചെയ്യാന്‍ പാടില്ല എന്ന നിയമം കര്‍ശനമായപ്പോള്‍ തൊട്ടടുത്ത വീടുകളിലും മറ്റു സ്‌കൂളിനോട് ചേര്‍ന്ന ഒഴിഞ്ഞ സ്ഥലങ്ങളിലുമാണ് സ്‌കൂള്‍ സമയങ്ങളില്‍ ബൈക്കുകള്‍ സൂക്ഷിക്കുന്നത്. ഇങ്ങനെ ഓടിക്കുന്ന വാഹനങ്ങള്‍ പിടിക്കപ്പെടുകയോ അപകടത്തില്‍പെടുകയോ ചെയ്താല്‍ വാഹനത്തിന്റെ ഉടമയും മാതാപിതാക്കളും ഒരു പോലെ കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് പെരിന്തല്‍മണ്ണ ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സി വി എം ശരീഫ് അറിയിച്ചു. സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ പ്രത്യേക മോട്ടോര്‍ സൈക്കിള്‍ പരിശോധനക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോറിന്റെ നേതൃത്വത്തില്‍ കെ കെ അനൂപ്, പി ജെ റെജി, സി ബിജു എന്നീ എ എം വി ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുത്തു.