Connect with us

Malappuram

മാലിന്യം കൊണ്ട് കുടുങ്ങി നഗരസഭ; മൈലാടിക്കാര്‍ വീണ്ടും സമരത്തിന്

Published

|

Last Updated

കോട്ടക്കല്‍: നഗരസഭയുടെ മൈലാടി മാലിന്യ പ്ലാന്റില്‍ വീണ്ടും മാലിന്യം എത്തിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടാന്‍ ജനകീയ സമരസമിതി രംഗത്ത്.
ഒരു വര്‍ഷത്തെ ഇടവേളക്കൊടുവില്‍ പ്ലാന്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റും കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് സമിതി സമരവുമായി രംഗത്തിറങ്ങുന്നതെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. മൈലാടിയിലെ പാവങ്ങളെ വഞ്ചിച്ച നഗരസഭയുടെ ധിക്കാരപരമായ നടപടിയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് സമരം. നാല്‌സെന്റ് കോളനിയിലെ പ്രദേശ വാസികള്‍ക്ക് വീട് വെക്കാന്‍ അനുമതി നല്‍കുക, കുടിവെള്ളം എത്തിക്കുക, യാത്രാസൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
കാലങ്ങളായി നഗരത്തിലെ മാലിന്യം തള്ളിയതിനെ തുടര്‍ന്ന് പ്ലാന്റിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയിരുന്നു. അടിച്ചൊതുക്കാന്‍ നഗരസഭ ശ്രമിച്ചതോടെ സമരം ശക്തിപ്പെട്ടു. ഇതെ തുടര്‍ന്ന് നഗരസഭ നടത്തിവന്ന എല്ലാ നീക്കങ്ങളും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. ടൗണിലെ വ്യാപാരികള്‍ ഉണ്ടാക്കുന്ന മാലിന്യം സ്വയം സംസ്‌കരിക്കാനും ഇതോടെ സംവിധാനമായി.
നേരത്തെ ഇവിടെ തള്ളിയ പ്ലാസ്റ്റിക്ക്, അനുബന്ധ മാലിന്യങ്ങള്‍, ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. പ്ലാന്റ് നവീകരണത്തിനനുവദിച്ച 105 ലക്ഷം രൂപ ഇനിയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് തിരിച്ചടക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. പ്ലാന്റില്‍ വീണ്ടും മാലിന്യം സംസ്‌കരിക്കാനുള്ള നീക്കമാണ് സമര സമിതിയെ വീണ്ടും ഉണര്‍ത്തിയിരിക്കുന്നത്. മാലിന്യം എത്തിക്കുന്ന പക്ഷം ഇതിനെ ശക്തമായി നേരിടുമെന്ന് ജനകീയ സമര സമിതി അറിയിച്ചു.

Latest