Connect with us

Malappuram

ഒന്നര പതിറ്റാണ്ടിന് ശേഷം മൂര്‍ക്കനാട് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

Published

|

Last Updated

കൊളത്തൂര്‍: മൂര്‍ക്കനാട് ബൃഹത് കുടിവെള്ള പദ്ധതി വഴി ദാഹാജലം കിട്ടാന്‍ ആറു പഞ്ചായത്തിലെ ജനങ്ങളുടെ കാത്തിരിപ്പിന് ഒന്നരപതിറ്റാണ്ട്. 1998ല്‍ ഭരണാനുമതി ലഭിച്ച് 2003ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന എന്ന സന്തോഷത്തിലാണു നാട്ടുകാര്‍. ഈ വേനലിലെങ്കിലും കുടിനീരിനായി നെട്ടോട്ടം ഓടേണ്ടിവരില്ല എന്ന പ്രതീക്ഷയിലാണ് ജനം.
മൂര്‍ക്കനാട്, കുറുവ, പുഴക്കാട്ടിരി, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മങ്കട എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് കരുതുന്ന മൂര്‍ക്കനാട് മേജര്‍ ശുദ്ധജല പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണ്.
പുന്നക്കാട്ടെ ജലശുദ്ധീകരണ പ്ലാന്റ്,ഫില്‍ട്ടര്‍ യൂണിറ്റ്, പവര്‍ഹൗസ്എന്നിവയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. 35 കോടിയോളം രൂപയാണു പദ്ധതിയുടെ ചിലവ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തൂതപ്പുഴയില്‍ മൂര്‍ക്കനാട് വടക്കും പുറത്ത് പദ്ധതിയുടെ പമ്പ് ഹൗ സും കിണറും നിര്‍മിച്ചിട്ടുണ്ട്. വിവിധ പഞ്ചായത്തുകളില്‍ ജലസംഭരണിയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. വിതരണ ശൃംഖല സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇതു കാരണം ഭാഗികമായാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. അതിനിടെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിനെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Latest