ഔദ്യോഗിക പക്ഷത്തിനെതിരെ വാളോങ്ങിയാല്‍ കര്‍ശന നടപടിക്ക് സാധ്യത

Posted on: January 1, 2015 12:08 am | Last updated: January 1, 2015 at 12:08 am

കണ്ണൂര്‍: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങളില്‍ ഏറെ നിര്‍ണായകമായ ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ വി എസ്് അച്യുതാനന്ദന്‍ നേതൃത്വത്തിനെതിരെ തുറന്നുവിട്ട വിമര്‍ശങ്ങളടക്കമുള്ള വിഭാഗീയ പ്രശ്‌നങ്ങളെ പാര്‍ട്ടിയുടെ മാര്‍ഗരേഖ ഉപയോഗിച്ച് വെട്ടിയൊതുക്കും. കേരളത്തിലെ സമ്മേളനങ്ങള്‍ക്ക് മാത്രമായി പോളിറ്റ് ബ്യൂറോയുടെ പ്രത്യേക മാര്‍ഗരേഖ ഇത്തവണയുണ്ടായിട്ടില്ലെങ്കിലും കേന്ദ്രകമ്മിറ്റി സമ്മേളനങ്ങള്‍ക്കായി നേരത്തെ തയ്യാറാക്കി നല്‍കിയ നിര്‍ദേശങ്ങള്‍ ഉപയോഗിച്ചാണ് വിഭാഗീയതയെ അടിച്ചിരുത്തുക.

ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങുന്ന ഘട്ടത്തില്‍ വി എസ് ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ ഏറ്റുപിടിച്ച് ഏതെങ്കിലും ജില്ലയില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ ആരെങ്കിലും വാളോങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിക്കു വരെ ഇക്കുറി സാധ്യതയുണ്ടാകുമെന്നും സൂചനയുണ്ട്. ഒന്നര പതിറ്റാണ്ടിലേറെയായി സംസ്ഥാന ഘടകത്തെ പിടിച്ചുലച്ച വിഭാഗീയത ഇത്തവണ കീഴ്ഘടകങ്ങളിലെ ഒരു സമ്മേളനങ്ങളിലും കാര്യമായി ഉണ്ടായിരുന്നില്ല.
ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍ ഔദ്യോഗിക നേതൃത്വത്തിന് ആത്മവിശ്വാസം പകരുന്ന ഒരു കാര്യമായിരുന്നു ഇത്. എന്നാല്‍, സമ്മേളനത്തിന് തൊട്ടു മുമ്പ് സംസ്ഥാന സെക്രട്ടറിക്കുള്‍പ്പെടെ തെറ്റുപറ്റിയെന്ന തരത്തിലുള്ള വി എസിന്റെ പരാമര്‍ശം, തല താഴ്ത്തിയ വിഭാഗീയതക്ക്് ഉണര്‍വ് പകരാനേ ഉപകരിക്കൂവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ എറണാകുളം, ആലപ്പുഴ, പാലക്കാട്, കൊല്ലം തുടങ്ങിയ ജില്ലകളില്‍ ചെറുതായി അവശേഷിച്ച വിഭാഗീയ പ്രശ്‌നങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക പക്ഷ നേതാക്കള്‍ കരുതുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ നേരത്തെ കേന്ദ്രകമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തയ്യാറാക്കിയ മാര്‍ഗരേഖ ശരിക്കും പ്രയോഗിക്കാന്‍ തന്നെയാണ് ഔദ്യോഗിക നേതൃത്വം തയ്യാറാവുക. പാര്‍ട്ടി ഘടനയും മാനദണ്ഡങ്ങളും ലംഘിച്ച് സമ്മേളന നടത്തിപ്പിനെ താറുമാറാക്കാവുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അക്കാര്യം സംസ്ഥാന കമ്മിറ്റി പ്രത്യേകം ചര്‍ച്ച ചെയ്യണമെന്നതാണ് മാര്‍ഗരേഖയിലെ ഒന്നാമത്തെ നിര്‍ദേശമായുണ്ടായിരുന്നത്.
ഇതുപയോഗിച്ചായിരിക്കും വിഭാഗീയതക്കെതിരെയുള്ള ആദ്യ അടി നല്‍കുക. രാഷ്ട്രീയസംഘടനാ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ ഏകോപിപ്പിക്കുന്നതിനു പുറമെ വിഭാഗീയ പ്രവണതകള്‍ ഉണ്ടാക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന സഖാക്കളെ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് താക്കീത് ചെയ്യണമെന്ന കര്‍ശന നിര്‍ദേശം മാര്‍ഗരേഖയില്‍ പ്രധാനമായി പറഞ്ഞിട്ടുണ്ട്്.പ്രശ്‌നനേതാക്കളെ ശരിക്കും വിലയിരുത്തിയ ശേഷമായിരിക്കണം പുതിയ കമ്മിറ്റികള്‍ക്കുളള പാനല്‍ തയാറാക്കേണ്ടതെന്നും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇതെല്ലാം ഉപയോഗിച്ചായിരിക്കും ഇനി വിഭാഗീയത തലപൊക്കാത്ത തരത്തില്‍ പ്രശ്‌നനേതാക്കളെ അടിച്ചിരുത്തുക. ഏതെങ്കിലും തരത്തില്‍ വിഭാഗീയതയുണ്ടാവുകയും ജില്ലാ കമ്മിറ്റികൡലേക്ക് തിരഞ്ഞെടുപ്പുണ്ടാവുകയും ചെയ്താല്‍ അതിനെ ഏത് രീതിയില്‍ നേരിടണമെന്നതിനെക്കുറിച്ചും മാര്‍ഗരേഖ വ്യക്തമാക്കുന്നുണ്ട്. കമ്മിറ്റികളിലേക്കുളള തിരഞ്ഞെടുപ്പില്‍ വ്യക്തിഗതമായോ ഗ്രൂപ്പ് അടിസ്ഥാനത്തിലോ വോട്ട് ചോദിക്കുന്നത് നിരോധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ബദല്‍ പട്ടികയോ, കടലാസ് കഷണങ്ങളോ വിതരണം ചെയ്താല്‍ അതു പോലും വിഭാഗീയ പ്രവര്‍ത്തനമായി കണക്കാക്കണമെന്നും മാര്‍ഗരേഖ സൂചിപ്പിക്കുന്നു . വോട്ടെടുപ്പ് നടന്നാല്‍ അത് രഹസ്യബാലറ്റില്‍ നടത്താനുളള നടപടിക്രമം മാര്‍ഗരേഖ വിശദമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടാകുന്ന ഏത് തര്‍ക്കത്തിനും മേല്‍നോട്ടം വഹിക്കുന്നയാള്‍ തീര്‍പ്പ് ഉണ്ടാക്കണമെന്നും അദ്ദേഹത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.