പാസ്‌പോര്‍ട്ട് എണ്ണത്തില്‍ ഇന്ത്യ റെക്കോര്‍ഡിലേക്ക്

Posted on: January 1, 2015 12:03 am | Last updated: January 1, 2015 at 12:03 am

മലപ്പുറം: ഒരുവര്‍ഷം കൊണ്ട് 10 ദശലക്ഷം പാസ്‌പോര്‍ട്ട് അനുവദിച്ച് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അനുവദിച്ച രാജ്യമെന്ന പദവിയിലേക്ക്. 2014ല്‍ രാജ്യത്ത് ഒരുകോടി പാസ്‌പോര്‍ട്ടുകളാണ് അനുവദിച്ചത്.
നിലവില്‍ ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ പദവി നേടിയിട്ടുള്ളെതന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുക്‌ദേശ് കെ പര്‍ദേശി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞവര്‍ഷം 85 ലക്ഷം പാസ്‌പോര്‍ട്ടാണ് അനുവദിച്ചത്. ഈ വര്‍ഷത്തെ അവസാന കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ഇതു ഒരുകോടി കവിയുമെന്നും ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. രാജ്യത്തെ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്തിയതായിരുന്നു അദ്ദേഹം.
പത്ത് ലക്ഷം പാസ്‌പോര്‍ട്ടുകളുമായി രാജ്യത്ത് കേരളമാണ് മുന്നില്‍. ഒരു വര്‍ഷം ദശലക്ഷം പാസ്‌പോര്‍ട്ട് നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സംസംസ്ഥാനത്ത് രണ്ട് ലക്ഷം പാര്‍സ്‌പോര്‍ട്ടുകളനുവദിച്ച് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് ഒന്നാം സ്ഥാനത്തുണ്ട്.
കേരളത്തില്‍ പോലീസ് വെരിഫിക്കേഷന്‍ വൈകുന്നതാണ് പാസ്‌പോര്‍ട്ട് അനുവദിക്കപ്പെടുന്നതിലെ കാലതാമസത്തിന് കാരണം. പാസ്‌പോര്‍ട്ട് ഓഫീസുകളെ ഇന്റര്‍നെറ്റ് വഴി പോലീസ് സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്. കേരള ഡി ജി പിയുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്്. മറ്റുസംസ്ഥാനങ്ങളില്‍ ശരാശരി 15 ദിവസമാണ് പോലീസ് വെരിഫിക്കേഷനുള്ള കാലയളവെങ്കില്‍ കേരളത്തിലിത് 35 ദിവസമാണ്.
വിസ്തൃതിയും ജനസംഖ്യയും കൂടിയ സംസ്ഥാനങ്ങളില്‍പോലും ഇത്രസമയം വേണ്ടിവരുന്നില്ല. ആന്ധ്രാപ്രദേശില്‍ 17ഉും ഡല്‍ഹിയില്‍ 14ഉം ദിവസമാണ് ശരാശരി സമയം. പോലീസ് വേരിഫിക്കേഷന്‍ വേഗത്തിലായാല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനവും വേഗത്തിലാകും. ഒരു അപേക്ഷയ്ക്ക് 150 രൂപ എന്ന നിരക്കില്‍ വര്‍ഷം 15 കോടി രൂപ വെരിഫിക്കേഷനിലൂടെ പോലീസിന് ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ചു സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാകുന്നതേയുള്ളൂ.
അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുകളെ ആശ്രയിക്കേണ്ട സ്ഥിതി പരമാവധി കുറച്ചു മൊബൈല്‍ മുഖാന്തരം സേവനങ്ങള്‍ കൈമാറപ്പെടുന്ന തരത്തിലേക്ക് പാസ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനം ഉയര്‍ത്തുകയാണ് ലക്ഷ്യം. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും വലിയ പുരോഗതി കൈവരും. മലപ്പുറം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ തിരക്ക് പരിഗണിച്ചു ഈ മാസം മുതല്‍ പാലക്കാട് ജില്ലയെ തൃശൂര്‍ സേവാകേന്ദ്രവുമായി ബന്ധിപ്പിക്കും.
പാസ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചുള്ള അവബോധക്കുറവാണ് അപേക്ഷകര്‍ ഏജന്‍സികളുടെ വലയില്‍ കുടുങ്ങാന്‍ കാരണമെന്നും ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.