Connect with us

Editorial

അമിത്ഷാ 'കുറ്റവിമുക്തന്‍'

Published

|

Last Updated

കൂട്ടിലടച്ച തത്തയാണ് സി ബി ഐ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് ബലമേകുന്നതാണ് സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി ജെ പി നേതാവും നരേന്ദ്ര മോദിയുടെ വലംകൈയുമായ അമിത് ഷായെ കുറ്റവിമുക്തനാക്കിയ സി ബി ഐ പ്രത്യേക കോടതി വിധി. കേസില്‍ അമിത്ഷാക്കെതിരെ മതിയായ തെളിവില്ലെന്നാണ് കോടതി പറയുന്നത്. സുഹ്‌റാബുദ്ദീനെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ഗുഢാലോചന നടത്തി, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 2010 ജൂലൈയില്‍ സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അമിത് ഷാക്ക് പങ്കുണ്ടെന്നതിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സി ബി ഐയെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്.
അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ 2005 നവംബര്‍ 26നാണ് സുഹ്‌റാബുദ്ദീന്‍ ശൈഖ് കൊല്ലപ്പെടുന്നത്. ലഷ്‌കറെ തയ്യിബയുമായി ബന്ധമുള്ള ഗുണ്ടാതലവനായിരുന്നു സുഹ്‌റാബുദ്ദീനെന്നും, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ അദ്ദേഹം അഹമ്മദാബാദിന് സമീപം നരോളിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് ഭാഷ്യം. മൂന്ന് ദിവസത്തിന് ശേഷം സുഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ടു. കേസിലെ മുഖ്യസാക്ഷിയും സുഹ്‌റാബുദ്ദീന്റെ സഹായിയുമായിരുന്ന തുള്‍സി റാം പ്രജാപതി 2006 ഡിസംബര്‍ 28നും പോലീസിന്റെ ബുള്ളറ്റുകള്‍ക്ക് ഇരയായി. ഉദയ്പൂര്‍ ജയിലില്‍ നിന്ന് അഹമ്മദാബാദിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴി പ്രജാപതിയെ രക്ഷപ്പെടുത്താന്‍ സഹ കുറ്റവാളികള്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് പ്രജാപതിയെ വധിച്ചതെന്നുമാണ് പോലീസ് കഥ.
തുടക്കത്തില്‍ ഗുജറാത്ത് പോലീസിന്റെ നേതൃത്വത്തില്‍ ഇഴഞ്ഞുനീങ്ങിയ ഈ കേസന്വേഷണം സുപ്രീംകോടതി നിര്‍ദേശപ്രകാരം സി ബി ഐ ഏറ്റെടുത്തതോടെ പുറത്തുവന്ന കഥ മറ്റൊന്നായിരുന്നു. രാജസ്ഥാനിലെ മാര്‍ബിള്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രമുഖരായിരുന്നു സുഹ്‌റാബുദ്ദീനും പ്രജാപതിയും. ബി ജെ പി നേതാവ് അമിത്ഷായും അദ്ദേഹത്തിന്റെ വിശ്വസ്തരായ അഭയ് ചുദസാമ, ഡി ജി വന്‍സാര എന്നിവരും പരോക്ഷമായി ഈ ഗുണ്ടാ ഏര്‍പ്പാടില്‍ പങ്കാളികളായിരുന്നു. ഈ അധോലോക ഇടപാടില്‍ ഇവര്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നതയുടെ പരിണതിയായിരുന്നു ഏറ്റുമുട്ടല്‍ കൊല. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുഹ്‌റാബുദ്ദീനെ കൊന്നത്. ഈ സംഭവവും അതിന്റെ പിന്നാമ്പുറ കഥകളുമറിയാവുന്ന സുഹ്‌റാബുദ്ദിന്റെ ഭാര്യ കൗസര്‍ബിയും കൂട്ടുകാരന്‍ പ്രജാപതിയും തങ്ങള്‍ക്കെതിരായ സാക്ഷികളായേക്കുമെന്ന ഭീതിയിലാണ് പിന്നീട് അവരെ കൊന്നത്. കൗസര്‍ബിയെ കൊന്നു ചുട്ടെരിച്ച് ചാരം പുഴയിലൊഴുക്കിയെന്നാണ് സി ബി ഐ കണ്ടെത്തല്‍.
ഭരണകൂട ഭീകരതയുടെ ഭാഗമാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍. മോദിയുടെ ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന ഇത്തരം സംഭവങ്ങള്‍ ആസൂത്രിതമായ വംശഹത്യയുടെ ഭാഗവുമായിരുന്നു. മോദിയുടെയും സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായുടെയും വിശ്വസ്തരായ പോലീസ് ഉദ്യോഗസ്ഥരാണ് ഏതാണ്ടെല്ലാ ഏറ്റുമുട്ടലുകള്‍ക്കും നേതൃത്വം വലിച്ചത്. സംഭവം പുറത്താകുമ്പോള്‍, പോലീസുദ്യോഗസ്ഥരില്‍ മാത്രം ഉത്തരവാദിതം കെട്ടിവെച്ചു ആസൂത്രകര്‍ രക്ഷപ്പെടുകയാണ് പതിവ്. ഗുജറാത്തിലും അതാണ് സംഭവിക്കുന്നതെന്ന് സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ സംഭവമുള്‍പ്പെടെ മോദിയുടെ ഭരണകാലത്തെ ഭരണകൂട ഭീകരതയുടെ മുഖ്യ നടത്തിപ്പുകാരനായിരുന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര ജയിലില്‍ നിന്നയച്ച എഴുത്ത് വ്യക്തമാക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കി നരേന്ദ്ര മോദി തന്റെ അനുയായികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സര്‍വീസില്‍ നിന്നു രാജി പ്രഖ്യാപിക്കുന്ന കത്ത് കഴിഞ്ഞ വര്‍ഷം മെയില്‍ വന്‍സാര ഗുജറാത്ത് സര്‍ക്കാറിനയച്ചയത്.
സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷാക്കുള്ള പങ്ക് സി ബി ഐ ചൂണ്ടിക്കാട്ടിയതിന് പുറമെ, സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും അേദ്ദഹത്തെ പുര്‍ണമായും കുറ്റവിമുക്തനാക്കി വിധിപ്രസ്താവം വരുമ്പോള്‍, അതിനു പിന്നില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ സന്ദേഹിക്കുക സ്വാഭാവികമാണ്. മോദി സര്‍ക്കാറിന്റെ പൂര്‍ണ വരുതിയിലായിക്കഴിഞ്ഞു സി ബി ഐ എന്നാണ്, കോടതി വിധി സംബന്ധിച്ചു കോണ്‍ഗ്രസിന്റെ പ്രതികരണം. മറ്റു മതേതര കക്ഷികളുടെ പ്രതികരണവും സമാനമാണ്. ഭരണകൂടത്തിന്റെ കൈകളില്‍ പ്രജകളുടെ ചോര പുരണ്ടിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് നീതിപീഠത്തിന്റെ ബാധ്യതയാണെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായ ആര്‍ എം ലോധയുടെയും , അഫ്താബ് ആലമിന്റെയും വാക്കുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മാധ്യമ പ്രവര്‍ത്തകനായ ഹേമചന്ദ്ര പാണ്ഡെ ഏറ്റുമുട്ടല്‍ കേസിലായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ പോലെയുള്ള ഭരണകൂട ഭീകരതക്കെതിരായ നീതിപീഠങ്ങളുടെ കര്‍ത്തവ്യം അവര്‍ ഓര്‍മിപ്പിച്ചത്.