വിദ്യാര്‍ഥിയുടെ മരണം മുളിയങ്ങലില്‍ നാട്ടുകാര്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു

Posted on: December 30, 2014 10:15 am | Last updated: December 30, 2014 at 10:15 am

പേരാമ്പ്ര: മുളിയങ്ങലില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച വിദ്യാര്‍ഥിയുടെയും ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ വല്ല്യമ്മയുടെയും കുടുംബത്തെ ലോറിയുടമയും അസോസിയേഷനും പൂര്‍ണമായി അവഗണിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. പ്രതിഷേധ സൂചകമായി ഇന്നലെ പുലര്‍ച്ചെ മുതല്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുളിയങ്ങലില്‍ നാല്‍പ്പതോളം ടിപ്പറുകള്‍ തടഞ്ഞുവെച്ചു. പ്രദേശത്തെ വിവിധ ക്വാറികളിലെത്തിയ ടിപ്പറുകളും നാട്ടുകാര്‍ തിരഞ്ഞുപിടിച്ചു തടഞ്ഞു.
നേരത്തെ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും ജനപ്രതിനിധികളും ടിപ്പറുടമയുടെ പ്രതിനിധികളുമായി സംസാരിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാതെ വന്നപ്പോള്‍ മുഴുവന്‍ ടിപ്പറുകളും തടയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മണിക്കൂറുകളോളം ടിപ്പറുകള്‍ വഴിയില്‍ കുടുങ്ങിയതോടെ സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധക്കാരുമായും ലോറി ഉടമയുമായും സംസാരിച്ചു. ഇന്ന് രാവിലെ പേരാമ്പ്ര സ്റ്റേഷനില്‍ ചര്‍ച്ച നടത്താമെന്ന ധാരണത്തിലെത്തിയതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ച ടിപ്പറുകള്‍ വിട്ടയക്കുകയുമായിരുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ രമ്യമായ പരിഹാരമുണ്ടാകാത്ത പക്ഷം സമരരീതി മാറ്റുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വൈശാഖ്, കെ മധുകൃഷ്ണന്‍, അഡ്വ. കെ കെ രാജന്‍, പി എം മനോജ്, പ്രിന്‍സിപ്പല്‍ എസ് ഐ അബ്ദുര്‍റഹ്മാന്‍, അഡീഷനല്‍ എസ് ഐമാരായ വേണുഗോപാല്‍, വിജയകുമാര്‍, രാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതൃവീട്ടിലേക്കുപോകാനുള്ള തയ്യാറെടുപ്പില്‍ വല്ല്യമ്മ ജാനുവിനോടൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയ പേരാമ്പ്ര എ യു പി സ്‌കൂള്‍ വിദ്യാര്‍ഥിയും മായഞ്ചേരിപൊയില്‍ മഠത്തുംപടിക്കല്‍ ബൈജുവിന്റെ മകനുമായ ഷൈന്‍ലാല്‍ (ഒമ്പത്) ടിപ്പറിടിച്ച് മരിച്ചത്.
അപകടം വരുത്തിയ ഡ്രൈവര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളുടേതെന്ന് കരുതുന്ന ഡ്രൈവിംഗ് ലൈസന്‍സും പണവുമടങ്ങിയ പഴ്‌സ് സ്ഥലത്തുനിന്ന് പോലീസിന് ലഭിച്ചിരുന്നു.