Connect with us

Kasargod

ക്ഷീരമേഖലയില്‍ സംസ്ഥാനം സ്വയംപര്യാപ്തിയിലേക്ക് :മന്ത്രി

Published

|

Last Updated

കാസര്‍കോട്: പാല്‍ ഉത്പാദന രംഗത്ത് രണ്ടുവര്‍ഷത്തിനകം സംസ്ഥാന സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ക്ഷീരവികസന മന്ത്രി കെ സി ജോസഫ് പറഞ്ഞു. മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ മാവുങ്കാലില്‍ കാസര്‍കോട് ഡയറി നവീകരണ പൂര്‍ത്തീകരണ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മലബാര്‍ മേഖല ഇതിനകം ലക്ഷ്യം കൈവരിച്ചു. ചുരുങ്ങിയ കാലയളവില്‍ ക്ഷീരോത്പാദക രംഗത്ത് കേരളം കൈവരിച്ചത് വന്‍ നേട്ടമാണ്. എട്ട് ലക്ഷം ലിറ്റര്‍ പാല്‍ തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിച്ചിരുന്നിടത്ത് ഇപ്പോള്‍ രണ്ടരലക്ഷം ലിറ്റര്‍ മാത്രമാണ് വാങ്ങിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തും മലപ്പുറത്തെ മൂര്‍ക്കനാടും ഇത്തരത്തില്‍ രണ്ട് ഡയറി നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ്. സംസ്ഥാനത്തെ മൂന്നുമേഖലാ ക്ഷീരോത്പാദക യൂണിയനുകളും ഒരുപോലെ മുന്നേറ്റം കൈവരിച്ചിരിക്കുകയാണെന്നും കെ സി ജോസഫ് പറഞ്ഞു.

നവീകരിച്ച ട്രേ സ്റ്റെറിലൈസേഷന്റെ ഉദ്ഘാടനം പി കരുണാകരന്‍ എംപിയും ക്ഷീരകര്‍ഷകരുടെ കുട്ടികള്‍ക്കുളള 75 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ യും നിര്‍വഹിച്ചു. പുതിയ ബ്ലോക്കിന്റെ നിര്‍മാണ കോണ്‍ട്രാക്ടറെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി ആദരിച്ചു. ക്ഷീരവികസന ഡയറക്ടര്‍ കെ ടി സരോജിനി, മില്‍മ മാനേജിംഗ് ഡയറക്ടര്‍ പി കെ പഥക്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ ടി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്‍ ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍ സ്വാഗതവും ഡയറക്ടര്‍ ജെസ്സിടോം നന്ദിയും പറഞ്ഞു.