അമിത കീടനാശിനി പ്രയോഗം: എടവണ്ണപ്പാറ മണ്ണാടിയില്‍ കിണറുകള്‍ മലിനീകരണ ഭീഷണിയില്‍

Posted on: December 29, 2014 11:21 am | Last updated: December 29, 2014 at 11:21 am

എടവണ്ണപ്പാറ: ചാലിയപ്പുറം മണ്ണാടിയില്‍ വാഴ കൃഷിയിടങ്ങളിലെ അമിത കീടനാശിനി പ്രയോഗം മൂലം സമീപ പ്രദേശങ്ങളിലെ കിണറുകള്‍ മലിനമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. മണ്ണാടി ഭാഗത്ത് ഇരുപതോളം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഈ വിഷയം. വാഴത്തോട്ടങ്ങളിലെ പുല്ല് കളയാന്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് കിണറുകളിലെ വെള്ളത്തില്‍ ലയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരില്‍ ചാലിയപ്രം പൗരസമിതിയാണ് ആരോഗ്യവകുപ്പ് ഓഫീസര്‍ക്കും കൃഷിവകുപ്പിനും പരാതി നല്‍കിയത്. മണ്ണാടിയില്‍ ഉസൈന്‍, അഷ്‌റഫ്, തത്തങ്ങോടന്‍ ബാവുട്ടന്‍, മമ്മദ്കുട്ടി, ഇബ്രാഹിം, സുലൈമാന്‍, അഹമ്മദ്കുട്ടി എന്നിവരുടെ കിണറുകളാണ് മലിനമായത്. പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചിരുന്നു. കിണറിലെ വെള്ളം ലാബ് പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് പറയുന്നതല്ലാതെ തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മലീനീകരണ ബാധിത കിണറുകളില്‍ ഇപ്പോള്‍ ബ്ലീച്ചിംഗ് പൗഡറും, കുമ്മായവും വെള്ളം ശുദ്ധീകരിക്കുന്നതിനായി തളിച്ചിരിക്കുകയാണ്. ഇതിനിടെ മണ്ണാടി ഭാഗത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത് അധികൃതരെ കുഴക്കുന്നു. ഈ ഭാഗത്ത് ഇക്കാലം വരെ നെല്‍കൃഷിയായിരുന്നു നടത്തിയിരുന്നത്. അടുത്ത കാലത്താണ് വാഴ കൃഷി ആരംഭിച്ചത്. വാഴക്കൃഷിയിറക്കിയ കളത്തുംപാടം താഴ്ന്ന പ്രദേശമായതിനാല്‍ കീടനാശിനി കലര്‍ന്ന വെള്ളം കിണറിലേക്ക് വ്യാപിക്കുകയാണ്. ഇതിനിടെ മണ്ണാടിയില്‍ പൗരസമിതി പ്രവര്‍ത്തകരും കൃഷിക്കാരും തമ്മില്‍ കീടനാശിനിയുടെ പേരില്‍ വാക്കേറ്റമുണ്ടായി. അടുത്തവര്‍ഷം മുതല്‍ വാഴ കൃഷിക്ക് പകരം നെല്‍കൃഷിയിറക്കാമെന്ന് പൊതുവില്‍ ധാരണയായിട്ടുണ്ട്. കിണറുകളില്‍ വിഷാംശം കണ്ടെത്തിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് സ്വത്വര നടപടി ഉണ്ടാവാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.