Connect with us

Ongoing News

അസമിലെ അശാന്തി

Published

|

Last Updated

അസാം വീണ്ടും അശാന്തമായിരിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിന് ഇവിടെ ഒരു ശമനവും ഉണ്ടാകുന്നില്ലെന്നത് സമാധാന കാംക്ഷികളായ മുഴുവന്‍ പേരെയും ആശങ്കാകുലരാക്കുന്നതാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സോനിത്പൂര്‍, കൊക്രാജര്‍ ജില്ലകളിലെ ആദിവാസി മേഖലകളില്‍ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോംഗ്്ബിജിത് ഗ്രൂപ്പ് അഥവാ അനുരഞ്ജനവിരുദ്ധ വിഭാഗം) നടത്തിയ സായുധ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 80 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ മിക്കവരും മരണത്തോട് മല്ലടിക്കുകയാണ്. 250 പേരെ കാണാതായിട്ടുമുണ്ട്. സൈന്യത്തിന്റെ മുന്‍കൈയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ പോലും മനുഷ്യര്‍ ഭീതിയിലാണ് കഴിയുന്നത്. അത്രമേല്‍ അരക്ഷിതമാണ് മേഖല. അതിനിടക്ക് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ പുതിയ സംഘര്‍ഷ മുഖങ്ങള്‍ തുറക്കുകയാണ്.
തീവ്രവാദികളെ നേരിടാന്‍ സംയുക്ത സൈനിക നടപടി തുടങ്ങിയിട്ടുണ്ട്. പല പ്രദേശങ്ങളിലും രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഓപ്പറേഷന്‍ ഓള്‍ ഔട്ട് എന്ന പേരില്‍ ശക്തമായ സൈനിക നീക്കം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കരസേനക്കൊപ്പം സംസ്ഥാന പോലീസ്, സി ആര്‍ പി എഫ്, അസം റൈഫിള്‍സ് എന്നീ നാല് സേനകളെയും ഉള്‍പ്പെടുത്തിയാണ് സംയുക്ത നീക്കം. അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ധല്‍ബീര്‍ സിംഗ് സുഹാഗും ചര്‍ച്ച നടത്തി. ഇതനുസരിച്ച് 9000 സൈനികരെയും അര്‍ധസൈനികവിഭാഗങ്ങളെയും അസാം- അരുണാചല്‍ പ്രദേശ് അതിര്‍ത്തികളില്‍ വിന്യസിക്കും.
ഇത്തരം നീക്കങ്ങള്‍ ഏതൊരു ആക്രമണത്തിന്റെയും പിറകെ സംഭവിക്കാറുണ്ട്. അത് വേണ്ടതാണു താനും. എന്നാല്‍ പ്രശ്‌നത്തിന്റെ അകമറിഞ്ഞുള്ള ശാശ്വത പരിഹാരമാണ് മേഖലയിലെ ജീവിതം സമാധാനപൂര്‍ണമാക്കാന്‍ അനിവാര്യമായിട്ടുള്ളത്. വംശീയത, വര്‍ഗീയത, വിഘടനവാദം, മണ്ണിന്റെ മക്കള്‍ വാദം, ഗോത്ര ദേശീയത തുടങ്ങിയ പല അടരുകളുണ്ട് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്. നാഗാ തീവ്രവാദത്തിനും മിസോ വിഘടനവാദത്തിനും നാഗാലാന്‍ഡ്, മിസോറാം, മേഘാലയ സംസ്ഥാനങ്ങള്‍ അനുവദിച്ചപ്പോള്‍ ചെറിയ ശമനം ഉണ്ടായിരുന്നു. എന്നാല്‍ ഈ പരിഹാരങ്ങള്‍ ബോഡോകളുടെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ് ചെയ്തത്. ബോഡോ വംശജര്‍ എണ്‍പതുകളിലാണ് പ്രത്യേക സംസ്ഥാനത്തിനായി സായുധ സമരം തുടങ്ങിയത്. ആ സമരത്തിന്റെ ഏറിയപങ്കും ഭരണകൂടത്തിനെതിരെയായിരുന്നില്ല. മറിച്ച് ഇതര വംശജരെ ഉന്‍മൂലനം ചെയ്യുകയെന്ന ക്രൂരതയാണ് അരങ്ങേറിയത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെന്ന് മുദ്രകുത്തി മുസ്‌ലിംകളെ തുടച്ച് നീക്കാന്‍ ആസൂത്രിത കൂട്ടക്കൊലകള്‍ നടന്നു. വോട്ടര്‍പട്ടികയില്‍ മുസ്‌ലിംകളുടെ എണ്ണം കൂടിയെന്നും അവര്‍ മുഴുവന്‍ “വിദേശി”കളാണെന്നും പ്രചരിപ്പിച്ച് 1984ല്‍ നടന്ന നെല്ലി കൂട്ടക്കൊല ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വംശഹത്യയായിരുന്നു. 5,000 ലധികം മുസ്‌ലിംകളാണ് അരുംകൊല ചെയ്യപ്പെട്ടത്. നഗാവ് ജില്ലയിലെ 13 ഗ്രാമങ്ങള്‍ പൂര്‍ണമായി ചുട്ടെരിക്കപ്പെട്ടു. ഇതു സംബന്ധിച്ച് നിയോഗിച്ച തിവാരി കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്നുവരെ വെളിച്ചം കണ്ടിട്ടില്ല. 688 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 378ഉം തെളിവില്ലാതെ തള്ളി. കുറ്റപത്രം സമര്‍പ്പിച്ച 310 കേസുകള്‍ തന്നെ രാജീവ് ഗാന്ധി വന്നപ്പോള്‍ ഒപ്പുവെച്ച അസാം അക്കോര്‍ഡിന്റെ ഭാഗമായി പിന്‍വലിക്കപ്പെട്ടു. എന്നുവെച്ചാല്‍ 5000 മനുഷ്യരെ കൊന്നു തള്ളിയിട്ട് ഒരാളുടെ പേരിലും ഒരു പെറ്റിക്കേസ് പോലും ഇല്ലെന്ന് തന്നെ. ഏറ്റവും ഒടുവില്‍ 2012ല്‍ ബോഡോ സ്വയംഭരണ മേഖലയില്‍ 70ലേറെ മുസ്‌ലിംകളെ കൊന്നു. മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും മൗനാനുവാദവും പിന്തുണയും ഉണ്ടെന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്രമോദി പ്രധാനമായി ഉയര്‍ത്തിയ വിഷയം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമായിരുന്നുവെന്നോര്‍ക്കണം.
ബോഡോകളുമായി നിരവധി ഉടമ്പടികള്‍ അതത് കാലത്തെ സര്‍ക്കാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. 1993ലെ ബോഡോലാന്‍ഡ് ഓട്ടോണമസ് കൗണ്‍സില്‍ ഉടമ്പടി, 2003ലെ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഉടമ്പടി എന്നിവയെല്ലാം ബോഡോകള്‍ക്ക് വന്‍ ഇളവുകളും പ്രത്യേക അവകാശങ്ങളുമാണ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം അവരെ കൂടുതല്‍ അക്രമാസക്തരാക്കുന്ന വിരോധാഭാസമാണ് കാണുന്നത്. മേഖലയിലെ പൊതുവികസന മുരടിപ്പ് ഈ സ്ഥിതിവിശേഷത്തിന് ഒരു കാരണമാണെന്ന് കാണേണ്ടിയിരിക്കുന്നു. നയങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ക്കും സുരക്ഷാ ചുമതലയുള്ളവര്‍ക്കും ഭരണക്കാര്‍ക്കും ആത്മാര്‍ഥതയില്ലെന്നതാണ് പ്രശ്‌നം. പരിഹരിക്കുന്നതിനേക്കാള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമാനമാണ് അവരുടെ ചെയ്തികള്‍. വന്നവര്‍/നിന്നവര്‍ ദ്വന്ദത്തില്‍ അവരും വിശ്വസിക്കുന്നു. ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിവേചനം കാണിക്കുന്നു. കുറ്റവാളികളെ കിട്ടാതെ വരുമ്പോള്‍ കിട്ടിയവരെ ആക്രമിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഈ ദുരവസ്ഥകളെല്ലാം പരിഹരിക്കാതെ ഒരു ഓപറേഷന്‍ ഓള്‍ ഔട്ടും വിജയിക്കാന്‍ പോകുന്നില്ലെന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കണം.

Latest