കുടുംബശ്രീയുടെ അയല്‍ക്കൂട്ടം തിരഞ്ഞെടുപ്പ് ജനുവരി എട്ട് മുതല്‍

Posted on: December 28, 2014 10:37 am | Last updated: December 28, 2014 at 10:37 am

മലപ്പുറം: കുടുംബശ്രീയുടെ അയല്‍ക്കൂട്ടം മുതല്‍ സി ഡി എസ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി. ജനുവരി എട്ടിനും 26നുമിടയില്‍ നടപടികള്‍ പൂര്‍ത്തിയാകും.
ജില്ലയിലെ അയല്‍ക്കൂട്ടതല തിരഞ്ഞെടുപ്പ് 14 നകവും എ ഡി എസ് തലം 21 നകവും സി ഡി എസ് 25 നകവും പൂര്‍ത്തിയാക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നതിന് നിശ്ചയിക്കപ്പെട്ട അധ്യക്ഷമാര്‍ക്കുള്ള പരിശീലനം ഡിസംബര്‍ 29 മുതല്‍ ജനുവരി ഏഴ് വരെ നടക്കും. ഇന്നത്തോടെ എല്ലാ അയല്‍ക്കൂട്ടങ്ങളും യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് തീയതി, സമയം, സ്ഥലം എന്നിവ നിശ്ചയിക്കും. 2014 സെപ്റ്റംബര്‍ 25-കം രൂപവത്കരിച്ച അയല്‍ക്കൂട്ടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലുള്ളത് ഡിസംബര്‍ 15-ന് മുമ്പ് അഫിലിയേഷന്‍ പുതുക്കിയിരിക്കണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടക്കില്ല. സ്‌പെഷല്‍ അയല്‍ക്കൂട്ടങ്ങള്‍ക്കും വോട്ടവകാശമില്ല. ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമാണ്. എല്ലാ സി ഡി എസ് ലേക്കും ഓരോ റിട്ടേണിങ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയും നിയമിച്ച് പരിശീലനം നല്‍കി കഴിഞ്ഞു. പട്ടികജാതി,-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സി ഡി എസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സംവരണം ചെയ്ത ജില്ലയിലെ സി ഡി എസുകള്‍ ഇവയാണ്. ചെയര്‍പേഴ്‌സണ്‍ (എസ് ടി)- പോത്തുകല്‍, അമരമ്പലം, വൈസ് ചെയര്‍പേഴ്‌സണ്‍ (എസ് ടി)- ചാലിയാര്‍, ഊര്‍ങ്ങാട്ടിരി, മമ്പാട്, ചെയര്‍പേഴ്‌സണ്‍ (എസ്.സി)- പോരൂര്‍, നെടിയിരുപ്പ്, ഏലംകുളം, വണ്ടൂര്‍, എടപ്പാള്‍, തൃക്കലങ്ങോട്, കണ്ണമംഗലം, നന്നമുക്ക്, വൈസ് ചെയര്‍പേഴ്‌സണ്‍ (എസ് സി)- തവനൂര്‍, വട്ടംകുളം, ആലങ്കോട്, കാലടി, ഇരിമ്പിളിയം, തിരുവാലി, വെട്ടത്തൂര്‍.