Connect with us

Kottayam

കോട്ടയം ജില്ലയിലും ഘര്‍ വാപസി; 60 പേരെ മതം മാറ്റി

Published

|

Last Updated

കോട്ടയം: “ഘര്‍ വാപസി” യുടെ ഭാഗമായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലും മതപരിവര്‍ത്തനം. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൊന്‍കുന്നം പുതിയകാവ് ക്ഷേത്രം എന്നിവിടങ്ങളിലാണ് മതപരിവര്‍ത്തനം നടന്നത്.
രണ്ടു ചടങ്ങുകളിലുമായി 60 പേരെയാണ് ഹിന്ദു മതത്തിലേക്ക് മതംമാറ്റി. ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗത്തില്‍ പെട്ടവരാണ് മതംമാറ്റപ്പെട്ടവരില്‍ ഭൂരിഭാഗവും. കോട്ടയം തിരുനക്കര ദേവസ്വം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി എച്ച് പി ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കി. മണര്‍കാട്, പൊന്‍കുന്നം, ചങ്ങനാശ്ശേരി, വൈക്കം എന്നിവിടങ്ങളില്‍ നിന്നായി 11 കുടുംബങ്ങളിലെ എട്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരും നാല് കുട്ടികളും ഉള്‍പ്പെടെ 17 പേരെയാണ് മതംമാറ്റിയത്. പൊന്‍കുന്നം പുതിയകാവ് ക്ഷേത്രത്തോടനുബന്ധിച്ചുള്ള എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണിമല, പൊന്തന്‍പുഴ, മുണ്ടക്കയം, പൊന്‍കുന്നം, വാഴൂര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ, വെള്ളിയാമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെയാണ് ഹിന്ദുമതത്തിലേക്ക് മതംമാറ്റിയത്. അവിടെ 20 കുടുംബങ്ങളില്‍ നിന്നായി 23 സ്ത്രീകളെയും 17 പുരുഷന്മാരെയും മൂന്നു കുട്ടികളെയും ഉള്‍പ്പെടെ 43 പേരെ മതംമാറ്റി.
ചടങ്ങിന് വി എച്ച് പി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഭാസ്‌കരന്‍ നേതൃത്വം നല്‍കി. കുറുവാമൂഴി സദാനന്ദാശ്രമത്തിലെ സല്‍സ്വരൂപാനന്ദസ്വാമികള്‍ പ്രഭാഷണം നടത്തി. അതേസമയം ജില്ലയില്‍ മതംമാറ്റപ്പെട്ടവരില്‍ നിന്നെല്ലാം മതംമാറ്റത്തിനായി മുമ്പേ അപേക്ഷ നല്‍കിയിരുന്നതാണെന്നാണ് എന്ന് സ്ഥാപിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ്, പ്രത്യേക പേക്ഷ എന്നിവ വാങ്ങിച്ചിരുന്നതായാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടും കായംകുളത്തും കൊല്ലം ജില്ലയിലെ അഞ്ചലിലും വി എച്ച് പി കൂട്ടമതപരിവര്‍ത്തനം നടത്തിയത് വിവാദമായിരുന്നു.

Latest