മാവോയിസ്റ്റ് ആക്രമണം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: December 26, 2014 8:09 pm | Last updated: December 27, 2014 at 12:10 am

പാലക്കാടി: ചന്ദ്രനഗറിലെ മാവോയിസ്റ്റ് ആക്രമണ കേസിലെ പ്രതികളെ ഒന്‍പതു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കാസര്‍കോട് ചെറുവത്തൂര്‍ തിമിരി ശ്രീകാന്ത് പ്രഭാകരന്‍ (24), തെക്കെ തൃക്കരിപ്പൂര്‍ തെക്കുംപാട്ട് അരുണ്‍ ബാലന്‍ (21)എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ട് ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എ ബി അനൂപ് ഉത്തരവിട്ടത്. പ്രതികളെ എട്ടു ജില്ലകളില്‍ കൊണ്ടുപോയി തെളിവെടുക്കേണ്ടതിനാല്‍ പത്തുദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. കെ എഫ് സി റസ്‌റ്റോറന്റും മക്്‌ഡൊണാള്‍ഡ് ഫാസ്്റ്റ് ഫുഡ് കടയും ആക്രമിച്ച കേസിലാണ് നേരത്തെ ഇവര്‍ പിടിയിലായിരുന്നത്. ഇക്കഴിഞ്ഞ 22ന് രാവിലെ ഏഴരയോടെയായിരുന്നു ആക്രണം. അതേസമയം, അട്ടപ്പാടി മുക്കാലിയിലുള്ള സൈലന്റ് വാലി റേഞ്ച് വനം ഓഫിസ് ആക്രമിക്കുകയും ജീപ്പിന് തീവെക്കുകയും ചെയ്ത കേസില്‍ പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ല. ജില്ലാപോലീസ് സൂപ്രണ്ട്് എച്ച് മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്. ഇരുകേസുകളും തമ്മില്‍ ബന്ധമുണ്ടോയെന്നും കണ്ടെത്താനായിട്ടില്ല. പത്തു ദിവസമാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചുവരെയാണ് അനുവദിച്ചത്. പ്രതികളെ പാലക്കാട്ടേക്ക് കൊണ്ടുപോയി കനത്ത പോലീസ് കാവലിലാണ് കോടതിയിലെത്തിച്ചത്. ശ്രീകാന്തിന്റെ പിതാവ് പ്രഭാകരന്‍, അമ്മ, സഹോദരന്‍, അമ്മയുടെ സഹോദരന്‍ എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. പ്രതിയുടെ ബന്ധുകള്‍ക്ക് രണ്ടു മിനിറ്റുനേരം സംസാരിക്കാനും വസ്ത്രങ്ങള്‍ നല്‍കാനും അഭിഭാഷകന്‍ ശ്രീപ്രകാശ് അനുമതി ചോദിച്ചത് കോടതി അംഗീകരിച്ചു. അറസ്റ്റിലായ ശേഷം രാവിലെ മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ നാലുവരെ മലമൂത്ര വിസര്‍ജനം ചെയ്യാനോ, ഉറങ്ങാനോ പോലീസുകാര്‍ സമ്മതിച്ചില്ലെന്നും ഭക്ഷണം നല്‍കിയില്ലെന്നും നിരോധിത പാന്‍മസാലകള്‍ ഉപയോഗിച്ചയാളുകളാണ് ചോദ്യം ചെയ്യാനെത്തിയതെന്നും പ്രതികളിലൊരാളായ ശ്രീകാന്ത് മജിസ്‌ട്രേറ്റിനു മുന്‍പാകെ മൊഴി നല്‍കി. ജഡ്ജി രേഖാമൂലം ഇത് രേഖപ്പെടുത്തി. മാനസികമായി പീഡിപ്പിച്ച് കേരളത്തില്‍ നടക്കുന്ന മറ്റ് ആക്രമണ സംഭവങ്ങളെല്ലാം തങ്ങള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറയാന്‍ ആവശ്യപ്പെട്ടതായും ശ്രീകാന്ത് മൊഴി നല്‍കി. 48 മണിക്കൂറുകള്‍ കൂടുമ്പോള്‍ സിവില്‍ സര്‍ജന്‍ തസ്തികയില്‍പ്പെടുന്ന ഡോക്ടര്‍മാര്‍ പ്രതികളെ വൈദ്യ പരിശോധന നടത്തണമെന്നു കോടതി നിര്‍ദ്ദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. അനന്തകൃഷ്ണന്‍ ഹാജരായി.