Connect with us

Gulf

'മലയാള സിനിമ മോശം അവസ്ഥയില്‍'

Published

|

Last Updated

ദുബൈ: മലയാള സിനിമ ചരിത്രത്തിലെ മോശപ്പെട്ട അവസ്ഥയിലാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് ഒരുമിച്ചിരുന്ന് കാണാന്‍ പാകത്തിലുള്ള സിനിമയല്ല, ഇന്നത്തേത്. മ്ലേച്ഛവും മലീമസവുമായ രംഗങ്ങള്‍ കാരണം കുടുംബങ്ങള്‍ തിയേറ്ററിലെത്തുന്നില്ല. മറുഭാഷാ ചിത്രങ്ങള്‍ വിജയമാകുന്നതും മലയാള ചിത്രങ്ങള്‍ പരാജയപ്പെടുന്നതും ഗൗരവമായി കാണാം.
പുതുതലമുറയില്‍ പ്രതിഭാധനരായ സാങ്കേതിക വിദഗ്ധരുണ്ട്. പക്ഷേ, സിനിമ കാണാന്‍ കൊള്ളാതാകുന്നതിന് കാരണങ്ങള്‍ വേറെയാണ്. സാമൂഹിക പ്രതിബദ്ധതയില്ലാത്തതാണ് പ്രധാന കാരണം. കലാകാരന്‍ എന്ന നിലയില്‍ ഇത് തന്നെ നിരാശപ്പെടുത്തുന്നു. എക്കാലത്തും സിനിമാ കാഴ്ചപ്പാടുകളെ തൂത്തും തുടച്ചും വൃത്തിയാക്കാനാണ് താന്‍ ശ്രമിച്ചത്. ഇനിയും അത് തുടരുമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. 20 വര്‍ഷത്തിന് ശേഷമാണ് ഒരു സ്റ്റേജ് പരിപാടിയുമായി താന്‍ ദുബൈയിലെത്തുന്നത്. തന്റെ സിനിമാ ജീവിതമാണ് സ്റ്റേജ് പരിപാടിയിലും അവതരിപ്പിക്കുന്നത്. ഗള്‍ഫിലെ വാണിജ്യ പ്രമുഖന്‍ എം എ യൂസുഫലിയാണ് ഇതിന് പ്രേരണയായത്. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഫ്‌ളെക്‌സി സി ഇ ഒ ബശീര്‍, യു എ ഇ എക്‌സ്‌ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാര്‍, ഹൈബോവാച്ച് പ്രതിനിധി അനീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Latest