ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ഉമര്‍; പിഡിപി-ബിജെപി സഖ്യത്തിന് സാധ്യത

Posted on: December 26, 2014 11:33 am | Last updated: December 27, 2014 at 1:08 am

OMAR PTI 1ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയുമായി സഖ്യം ഉണ്ടാക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിക്കുന്നുണ്ട്. അതൊന്നും സത്യമല്ല. ബിജെപിയുമായി ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ആഗാ റൂഹുല്ലയും ബിജെപിയുമായി സഖ്യം ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കി. ബിജെപിയെ ഒഴിവാക്കാനാണ് ഭൂരിപക്ഷവും വോട്ട് ചെയ്തിരിക്കുന്നത്. പിന്‍വാതിലിലൂടെ ബിജെപിയെ അധികാരത്തിലേറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പിഡിപിയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവും പിഡിപി നേതാവ് മുസാഫര്‍ ഹുസൈന്‍ ബീഗവും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 87 അംഗ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതാണ് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളാന്‍ കാരണം. 28 സീറ്റ് നേടിയ പിഡിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് 25ഉം നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12 സീറ്റാണ് ലഭിച്ചത്. സിപിഎം അടക്കമുള്ള മറ്റുകക്ഷികള്‍ക്ക് ഏഴ് സീറ്റും ലഭിച്ചിട്ടുണ്ട്.

ALSO READ  കശ്മീരില്‍ ബി ജെ പി നേതാവ് ശൈഖ് വസീമിനെയും പിതാവിനെയും തീവ്രവാദികള്‍ വെടിവെച്ചു കൊന്നു