ഉറൂസില്‍ ശ്രദ്ധേയമായി വിശുദ്ധ രാജ്യങ്ങളിലെ പ്രതിനിധി സംഗമം

Posted on: December 25, 2014 10:24 am | Last updated: December 25, 2014 at 10:24 am

തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്താദ് ഉറൂസില്‍ തന്റെ ഇഷ്ട രാജ്യങ്ങളുടെ പ്രതിനിധികളുടെ അപൂര്‍വ സംഗമം ശ്രദ്ധേയമായി.
ഉറൂസിലേക്ക് അവിചാരിതമായി എത്തിയ ബഗ്ദാദ് ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി മസ്ജിദ് ഇമാം ശൈഖ് അനസ് മഹ്മൂദ് ഖലഫ് ഐസാവീ, ശൈഖ് ജീലാനിയുടെ പേരിലുള്ള ഗൗസിയ്യയിലെത്തിയപ്പോള്‍ ആവേശം അലതല്ലുന്നതായിരുന്നു. വിശുദ്ധ മക്കയില്‍ നിന്നുള്ള ശൈഖ് മഹ്ദിയും മദീന ശരീഫില്‍ നിന്നുള്ള ശൈഖ് അലി ബര്‍നാമിയും എത്തിയതോടെ കുണ്ടൂര്‍ ഉസ്താദിന്റെ ഇഷ്ട രാജ്യങ്ങളുടെ സംഗമം പൂര്‍ണമാകുകയായിരുന്നു. നിറഞ്ഞ സദസ്സിന് അപൂര്‍വ വ്യക്തിത്വങ്ങളുടെ അവിചാരിത സംഗമം ആവേശമായി.
കുണ്ടൂര്‍ ഉസ്താദിനെ കുറിച്ചും കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെ കുറിച്ചും ശൈഖ് അനസ് ഐസവിയും ഹാശിം മുഹമ്മദ് മഹ്ദിയും ദീര്‍ഘനേരം പ്രസംഗിച്ചപ്പോള്‍ മദീനയില്‍ നിന്നുള്ള ശൈഖ് അലി ബര്‍സാമി കുണ്ടൂര്‍ ഉസ്താദിന്റെ കവിതകള്‍ അറേബ്യന്‍ നശീദയുടെ ശൈലിയില്‍ പാരായണം ചെയ്തപ്പോള്‍ അത് സദസ്സിന് നവ്യാനുഭൂതിയായി. ശൈഖ് ജാവീദ് മക്കി അതിഥികളോടൊപ്പമുണ്ടായിരുന്നു. തറയിട്ടാല്‍ ഹസന്‍ സഖാഫി അറബി പ്രതിനിധികളെ പരിചയപ്പെടുത്തി പ്രസംഗം പരിഭാഷപ്പെടുത്തി.