Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: ജില്ലയിലെ അഞ്ചു സ്റ്റേഷനുകള്‍ക്ക് കനത്ത കാവല്‍

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. മലബാറിലെ 32 പോലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
കോഴിക്കോട് അതിര്‍ത്തി പ്രദേശത്തേക്ക് ചേര്‍ന്നു കിടക്കുന്ന വെള്ളമുണ്ട,പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലും കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നു കിടക്കുന്ന തലപ്പുഴ പൊലീസ് സ്റ്റേഷനിലും കര്‍ണ്ണാടകയോട് ചേര്‍ന്ന് കിടക്കുന്ന തിരുനെല്ലി പൊലീസ് സ്റ്റേഷനിലും തമിഴ്‌നാടിനോടും മലപ്പുറം ജില്ലയോടും ചേര്‍ന്നു കിടക്കുന്ന മേപ്പാടി പൊലീസ് സ്റ്റേഷനിലുമുള്ള അഞ്ചു സ്റ്റേഷനുകളിലാണ് സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ടിനു പുറമെ കേരള ആന്റി ടെറ റിസ്റ്റ് സ്‌ക്വാഡ് അംഗങ്ങളും ഇവിടെ സുരക്ഷ നല്‍കും. പോലീസുകാരുടെ അംഗബലം കൂട്ടാനും എപ്പോഴും സാന്നിധ്യമുറപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണമുണ്ടായ കുഞ്ഞോം ഫോറസ്റ്റ് ഔട്ട്‌പോസ്റ്റില്‍ രാത്രികാല സമയം വിനിയോഗിക്കാന്‍ വാച്ചര്‍മാര്‍ വിസമ്മതിച്ചു. ഭീഷണിയുള്ളതിനാല്‍ ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് വാച്ചര്‍മാര്‍ ഉന്നത വനപാലകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോറസ്റ്റിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷനും വനപാലകര്‍ അടക്കമുള്ളവര്‍ക്ക് ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. വനപാലകര്‍ക്കനുകൂലമായി നില്‍ക്കുന്ന ആദിവാസി വളന്റിയര്‍മാരുടെ ജീവന് പോലും ഭീഷണിയായി നില്‍ക്കുകയാണ് മാവോയിസ്റ്റുകളെന്നും അതിനാലാണ് രാത്രികാലത്ത് ഫോറസ്റ്റ് ഔട്ട്‌പോസ്റ്റില്‍ സേവനമനുഷ്ടിക്കാന്‍ തയ്യാറാവാത്തതെന്നും വാച്ചര്‍മാര്‍ പറഞ്ഞു.
അതെ സമയംപുതുവത്സര ദിനത്തില്‍ മാവോയിസ്റ്റ് നക്‌സലൈറ്റ് സംഘടനകള്‍ ആക്രമണം നടത്തിയേക്കുമെന്ന് കര്‍ണാടക രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തിരയോഗം 26ന് കണ്ണൂരില്‍ ചേരും. കര്‍ണ്ണാടക, തമിഴ്‌നാട്, കേരള അതിര്‍ത്തി പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും നേരെ മാവോയിസ്റ്റ് സംഘങ്ങളുടെ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ വയനാട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും വിവരം നല്‍കിയിട്ടുണ്ട്. തൃശൂരില്‍ റെയ്ഡ് നടത്തിയ കേരളീയം മാഗസിനുമായി ബന്ധപ്പെട്ടവരെ കര്‍ണാടക സംഘം ചോദ്യം ചെയ്യും.
മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന കാസര്‍ഗോഡ് സ്വദേശികളെക്കുറിച്ചും ഇവര്‍ അന്വേഷണം നടത്തും.

Latest