സോണി പിക്‌ചേഴ്‌സിന്റെ ‘ദി ഇന്റര്‍വ്യൂ’ എന്ന വിവാദ സിനിമ പ്രദര്‍ശിപ്പിക്കുന്നു

Posted on: December 25, 2014 4:27 am | Last updated: December 24, 2014 at 11:28 pm

ന്യൂയോര്‍ക്ക് : സൈബര്‍ ആക്രമണത്തിന് വിധേയമായ സോണി പിക്‌ചേഴ്‌സിന്റെ ദ ഇന്റര്‍വ്യു എന്ന സിനിമ പരിമിതമായ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ആക്ഷേപഹാസ്യ സിനിമയുടെ റിലീസിംഗ് റദ്ദാക്കാനുള്ള സോണിയുടെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തുവന്നിരുന്നു. സൈബര്‍ ആക്രമണത്തിന് പിന്നില്‍ വടക്കന്‍ കൊറിയയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. സംഭവം ചിത്രത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. ചിത്രം ഇന്ന് കുറച്ച് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും കൂടുതല്‍ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും സോണി എന്റര്‍ടെയ്ന്‍മെന്റ് സി ഇ ഒ. മൈക്കല്‍ ലിന്റന്‍ പറഞ്ഞു. സിനിമ പൊതുജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണ് ഇപ്പോഴത്തെ പ്രദര്‍ശനമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരായ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിംഗ് റദ്ദാക്കാന്‍ സോണി തീരുമാനിച്ചത്. ഇത് ഹാക്കര്‍മാരോടുള്ള കീഴടങ്ങലാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. വടക്കന്‍ കൊറിയന്‍ നേതാവിനെ വധിക്കാനുള്ള പദ്ധതിയെ ആക്ഷേപഹാസ്യത്തോടെ സമീപിക്കുന്നതാണ് സിനിമ.